വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മരണാനന്തര ധനസഹായം വിതരണം ചെയ്തു

വ്യാപാരികളുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമായി വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ്. പത്തുപേർക്ക് വ്യാപാരി വ്യവസായി സമിതിയുടെ മരണാനന്തര ധനസഹായം വിതരണം ചെയ്ത് കരുതലിന്റെയും കാരുണ്യത്തിന്റെയും മാതൃകയായി.

തളിപ്പറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തുപേർക്കുള്ള മരണാനന്തര ധനസഹായ വിതരണം നടത്തി. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി.എം. സുഗുണന്റെ അധ്യക്ഷതയിൽ സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ ധനസഹായ വിതരണം നിർവഹിച്ചു.

തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് ടി. ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. പങ്കജവല്ലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എ. ഹമീദ് ഹാജി, ചാക്കോ മുല്ലപ്പള്ളി, ജില്ലാ പ്രസിഡന്റ് പി. വിജയൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ട്രസ്റ്റ് കൺവീനർ കെ.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സമിതി തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.വി. മനോഹരൻ നന്ദിയും പറഞ്ഞു.