ചികിത്സാ അനാസ്ഥയെന്ന് ആരോപണം; പരിയാരം മെഡിക്കൽ കോളേജിൽ 31കാരൻ മരിച്ചു

പ്ലാസ്മ എക്സ്ചേഞ്ച് ചികിത്സ വൈകിപ്പിച്ചെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി

കണ്ണിലെ ഞരമ്പിലുണ്ടായ നീർക്കെട്ടിന് ചികിത്സ തേടിയാണ് കഴിഞ്ഞ നവംബർ ആറിന് ഷിജിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയുടെ ഭാഗമായി രക്തസാമ്പിളുകൾ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ഫലം പോസിറ്റീവായതിനെ തുടർന്ന് തുടർചികിത്സയുടെ ഭാഗമായി ആറോളം ഇഞ്ചക്ഷനുകൾ നിർദേശിക്കുകയും ചെയ്തു. അഞ്ചെണ്ണം നൽകിയിട്ടും ആരോഗ്യനിലയിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് പ്ലാസ്മ എക്സ്ചേഞ്ച് (പ്ലെക്സ്) ചികിത്സ നടത്താൻ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനുള്ള നടപടികൾ ആരംഭിച്ചില്ലെന്നും ഇതിലുണ്ടായ കാലതാമസമാണ് ആരോഗ്യനില വഷളാകാൻ കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതോടൊപ്പം കഫത്തിൽ രക്തം കണ്ടെത്തിയിട്ടും ഇക്കാര്യം യഥാസമയം ന്യൂറോ സർജനെ അറിയിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു.

ആഴ്ചയിൽ രണ്ട് ദിവസം മാത്രമുള്ള ഒ.പി. സമയത്താണ് കൺസൾട്ടിങ് ഡോക്ടറെ കാണാൻ ബന്ധുക്കൾക്ക് അവസരം ലഭിച്ചിരുന്നതെന്നും ഇത് രോഗിയുടെ അവസ്ഥ നേരിട്ട് അറിയിക്കുന്നതിന് തടസ്സമായെന്നും അവർ പറയുന്നു. ആരോഗ്യനില മോശമായിട്ടും ആവശ്യമായ ചികിത്സ ലഭ്യമാക്കാനോ ഐ.സി.യുവിലേക്ക് മാറ്റാനോ അധികൃതർ തയ്യാറായില്ലെന്നും വേദനസംഹാരികൾ മാത്രമാണ് നൽകിയിരുന്നതെന്നും സഹോദരൻ ഷിഗിൻ ആരോപിച്ചു.

മരണത്തിന് തലേദിവസം ഷിജിലിന് പൂർണമായും ബോധം നഷ്ടപ്പെട്ട ശേഷമാണ് രാത്രിയിൽ ഐ.സി.യുവിലേക്ക് മാറ്റിയത്. തുടർന്ന് പുലർച്ചെ 3.30ഓടെ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ഷിഗിൻ പറഞ്ഞു.

യഥാസമയം ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

ചികിത്സാ അനാസ്ഥ സംബന്ധിച്ച ആരോപണങ്ങളിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.