കലാരംഗത്തും കായികരംഗത്തും മികവിന്റെ തിളക്കവുമായി ശബരിനാഥ്; കേരളത്തിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം
മാടായി ഉപജില്ലാ കലോത്സവ വേദിയിലും തിളങ്ങുന്ന താരമാണ് ശബരി. പ്രതിസന്ധികളെ അതിജീവിച്ച് കലാരംഗത്തും കായികരംഗത്തും മികവിന്റെ പൊൻതിളക്കം തീർത്ത് നാടിന്റെ അഭിമാനമായി മാറുകയാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ ശബരിനാഥ് പി.ടി. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യ പുരസ്കാരത്തിന് ശബരിനാഥ് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ചെണ്ടമേളം, നാടോടിനൃത്തം, കായികമത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് ശബരിനാഥ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനകം വിവിധ മത്സരങ്ങളിലായി സ്വർണം, വെള്ളി മെഡലുകളടക്കം ഏകദേശം 90 പുരസ്കാരങ്ങൾ ശബരിനാഥ് കരസ്ഥമാക്കിയിട്ടുണ്ട്.
2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഡൗൺ സിൻഡ്രോം ദേശീയ ഗെയിംസിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും 50 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടി ദേശീയതലത്തിൽ ശ്രദ്ധേയനായി. 2026 ജനുവരിയിൽ ചെന്നൈയിൽ നടന്ന ഏഷ്യാ-പസഫിക് ഡൗൺ സിൻഡ്രോം ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ശബരിനാഥ് വെള്ളിമെഡലും രണ്ടാം സ്ഥാനവും നേടി.
കായികരംഗത്തെ മികവിനൊപ്പം കലാരംഗത്തും ശബരിനാഥ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തലശ്ശേരിയിൽ നടന്ന കേന്ദ്ര സർക്കാരിന്റെ 'മഴവില്ല്' പരിപാടിയിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി. കണ്ണൂർ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും തിരൂരിൽ നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരൂരിലെ മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു. കണ്ണൂരിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലോത്സവത്തിൽ നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടി.
ക്ഷേത്രകലാ അക്കാദമിയുടെ അവാർഡ് ദാനച്ചടങ്ങിൽ ചെണ്ടമേളം അവതരിപ്പിച്ച ശബരിനാഥിന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെയും അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെയും കൈകളിൽനിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങാനും അവസരം ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ ബ്രദേഴ്സ് ക്ലബ്ബിന്റെ സംസ്ഥാന ഓലപ്പീപ്പി അവാർഡിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽ 'ചിറക് പുരസ്കാരവും' ശബരിനാഥിനെ തേടിയെത്തി.
തിരുവനന്തപുരത്ത് പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്സ് സെന്ററിൽ സംഘടിപ്പിക്കുന്ന 'സമ്മോഹൻ' പരിപാടിയിൽ തുടർച്ചയായി നാലുവർഷമായി നാടോടിനൃത്തം, ചെണ്ടമേളം എന്നീ ഇനങ്ങളിൽ ശബരിനാഥ് പങ്കെടുക്കുന്നുണ്ട്. കൂടാതെ ഹോപ്പ് പിലാത്തറ, ഇൻസ്പെയർ തുടങ്ങിയ ഭിന്നശേഷി സൗഹൃദ കൂട്ടായ്മകളിലും സജീവ പങ്കാളിത്തം വഹിക്കുന്നു.
2026 ഓഗസ്റ്റ് 9-ന് തൃശ്ശൂരിൽ നടന്ന SPSAK സ്പോർട്സ് എബിലിറ്റി ഹബ്ബിൽ കണ്ണൂർ ജില്ലാ സമഗ്രശിക്ഷാ കേരളത്തിനുവേണ്ടി മത്സരിച്ച ശബരിനാഥ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടത്തിലും പങ്കാളിയായി.
കണ്ണൂർ ജില്ലയിലെ മേലതിയടം സ്വദേശിയായ ശബരിനാഥ് പി.ടി., പ്രജിത്ത് കുമാർ പി.ടി.യുടെ മകനാണ്. ശ്രീസ്ഥ പോസ്റ്റ് ഓഫീസ് പരിധിയിലെ പി.ടി. ഹൗസിലാണ് താമസം.
പരിമിതികളെക്കുറിച്ച് ചിന്തിച്ച് പിന്മാറാതെ, തന്റെ കഴിവുകളിലൂടെ വിജയത്തിന്റെ പുതിയ വഴികൾ തുറക്കുന്ന ശബരിനാഥിന്റെ ജീവിതം സമൂഹത്തിന് വലിയൊരു പ്രചോദനമാണ്. കലയും കായികവും ഒരുപോലെ ചേർത്തുപിടിച്ച് നേടിയ ഈ നേട്ടങ്ങൾ പുതുതലമുറയ്ക്കും മാതൃകയാണ്.
കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം സ്വന്തമാക്കിയ ശബരിനാഥിന് പിലാത്തറ ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


