മോഹൻ രാഘവൻ പുരസ്കാരം കണ്ണൂരിലേക്ക് - സംവിധായകൻ അർജുൻ പുരസ്കരാർഹനായി
മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള 2026-ലെ മോഹൻ രാഘവൻ പുരസ്കാരത്തിന് അർജുന്റെ ‘കെ പോപ്’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മികച്ച നവാഗത ചലച്ചിത്ര സംവിധായകനുള്ള 2026-ലെ മോഹൻ രാഘവൻ പുരസ്കാരത്തിന് സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഉയർന്നുവരുന്ന സ്വേച്ഛാധിപത്യ പ്രവണതകളെ അന്യാപദേശ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കെ പോപ്’. കേരളത്തിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയ്ക്കൊപ്പം ലോക-ദേശീയ ചരിത്ര സംഭവങ്ങളുടെ വാർത്താചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രസക്തിയും രൂപപരമായ പരീക്ഷണങ്ങളും സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ആഖ്യാനശൈലിയെ ജൂറി പ്രത്യേകം വിലയിരുത്തി.
സംവിധായകൻ മോഹൻ രാഘവന്റെ സ്മരണാർഥം അന്നമട ഓഫ് സ്റ്റേജാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, സനൽകുമാർ ശശിധരൻ തുടങ്ങിയവർ മുൻ വർഷങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്.
എഴേം കണ്ണോത്തെ കുഞ്ഞിരാമൻ ഗീത ദമ്പതികളുടെ മകനാണ് അർജുൻ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



