മാടായിക്കാവിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

പഴയങ്ങാടി: മാടായി ശ്രീ തിരുവർക്കാട്ട് കാവ് (മാടായിക്കാവ്) നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഒക്ടോബർ 11 മുതൽ 21 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എം.പിയുമായ കെ.സി. വേണുഗോപാൽ നിർവഹിച്ചു.

ചിറക്കൽ കോവിലകം ട്രസ്റ്റി സി.കെ. കേരളവർമ്മ വലിയ രാജ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി. ഷൈനി, മാടായി പള്ളി ഖത്തീബ് സെയ്ഫുദ്ദീൻ അൽ ഖാസി, ചിറക്കൽ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു, എം.പി. ഉണ്ണികൃഷ്ണൻ, ടി. ഉണ്ണികൃഷ്ണൻ മൂത്ത പിടാരർ, എൻ. ഉണ്ണികൃഷ്ണൻ ഇളയ പിടാരർ, സി. നാരായണൻ, ക്ഷേത്രം മാനേജർ എൻ. നാരായണ പിടാരർ എന്നിവർ സംസാരിച്ചു.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമാർച്ചന നടക്കും. നവരാത്രി ദീപം, തായമ്പക എന്നിവയ്ക്കു പുറമേ വിവിധ ആത്മീയ, സാംസ്കാരിക, കലാപരിപാടികളും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.