പയ്യന്നൂർ മീഡിയ ഫോറം നിലവിൽ വന്നു
"പയ്യന്നൂരിൽ പുതിയ മാധ്യമ സംസ്കാരത്തിന് തുടക്കമിടുമെന്ന് ഭാരവാഹികൾ"
പയ്യന്നൂർ: മാധ്യമപ്രവർത്തകരുടെ പുതിയ കൂട്ടായ്മയായി പയ്യന്നൂർ മീഡിയ ഫോറം നിലവിൽ വന്നു. പയ്യന്നൂരിൽ കൂടുതൽ ക്രിയാത്മകവും സ്വതന്ത്രവുമായ പുതിയൊരു മാധ്യമ സംസ്കാരം രൂപപ്പെടുത്തുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
പയ്യന്നൂരിലെ സജീവ മാധ്യമപ്രവർത്തകരായ 24 പേരാണ് കൂട്ടായ്മയിലുള്ളത്. രണ്ടുദിവസങ്ങളിലായി നടന്ന ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് പയ്യന്നൂർ മീഡിയ ഫോറം എന്ന പേരിൽ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനമായത്.
യു.കെ. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പീറ്റർ ഏഴിമല, വിജയൻ തെരുവത്ത്, ഭാസ്കരൻ വെള്ളൂർ, ടി. ബാബു പഴയങ്ങാടി, പി.പി. ലിബീഷ് കുമാർ, കെ.കെ. അഷറഫ്, സി. ധനഞ്ജയൻ, കെ. അജിത, രജീഷ് കുളങ്ങര, ഇ.പി. സന്തോഷ്‌കുമാർ, വി.എച്ച്. സജേഷ്, ഹേമന്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
യു.കെ. ദിനേശനെ (വീക്ഷണം) പ്രസിഡന്റായും പീറ്റർ ഏഴിമലയെ (ദീപിക) സെക്രട്ടറിയായും വിജയൻ തെരുവത്തിനെ (ഗദ്ദിക) ട്രഷററായും തെരഞ്ഞെടുത്തു. ഇ.പി. സന്തോഷ്‌കുമാർ (പയ്യന്നൂർ നെറ്റ്‌വർക്ക് ചാനൽ), കെ. അജിത (ഫസ്റ്റ് വൺ ന്യൂസ്) എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. ഭാസ്കരൻ വെള്ളൂർ (പയ്യന്നൂർ വിഷൻ), പി. ഹേമന്ത് ചന്ദ്രൻ (ഇടിവി ഭാരത്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി.
ഗണേശൻ പയ്യന്നൂർ (മൾട്ടിമീഡിയ), കെ.പി. രാജീവൻ (മംഗളം) എന്നിവരെ മീഡിയ കോ-ഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.
"മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭിന്നസ്വരങ്ങൾക്കിടെ പുതിയ കൂട്ടായ്മ'
കഴിഞ്ഞ കുറച്ചുകാലമായി പയ്യന്നൂരിലെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ ഭിന്നസ്വരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പയ്യന്നൂരിലെ ഭൂരിപക്ഷം സജീവ മാധ്യമപ്രവർത്തകരും ഒരുമിച്ച് പുതിയൊരു കൂട്ടായ്മ രൂപീകരിക്കാൻ മുന്നോട്ടുവന്നത്. മാധ്യമപ്രവർത്തകരുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും പരസ്പര സഹകരണത്തിനും പൊതുസമൂഹവുമായി കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾക്കും വേദിയൊരുക്കുകയാണ് പുതിയ ഫോറത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പയ്യന്നൂരിൽ പത്രസമ്മേളനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർ 8086121566, 9249332430, 8848932774 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


