ഇന്ന് ആംഗ്യഭാഷ ദിനം

*ആംഗ്യഭാഷ: കൈകളിലൂടെ തുറക്കുന്ന ആശയവിനിമയത്തിന്റെ ലോകം*

ഭാഷ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന ആശയവിനിമയ മാർഗമാണ്. ഭാഷ ശബ്‌ദ ബന്ധിതമായ വാക്കുകളുടെ സമാഹാരമാണ്. എന്നാൽ ശബ്ദമില്ലാതെയും ആശയങ്ങളും വികാരങ്ങളും വ്യക്തമായി പങ്കുവയ്ക്കാം. കൈകളുടെ ചലനങ്ങളും മുഖഭാവങ്ങളും ശരീരചലനങ്ങളും ഉപയോഗിക്കുന്ന ആംഗ്യഭാഷ അതിന് മികച്ച ഉദാഹരണമാണ്.

ആംഗ്യഭാഷ ബധിരരുടെ ആശയവിനിമയത്തിനുള്ള വെറും ഒരു മാർഗമല്ല. അത് സ്വന്തമായ വ്യാകരണവും ഘടനയും ഭാഷാനിയമങ്ങളും ഉള്ള സമ്പൂർണ്ണ ഭാഷയാണ്. സംസാരഭാഷ ശബ്ദത്തെ ആശ്രയിക്കുമ്പോൾ ആംഗ്യഭാഷ കാഴ്ചയെ ആശ്രയിക്കുന്നു. കൈകൾ വഴി സൃഷ്‌ടിക്കുന്ന അടയാളങ്ങൾ, ചലനങ്ങൾ, സ്ഥാനം, മുഖഭാവം എന്നിവയ്ക്ക് ആംഗ്യഭാഷയിൽ പ്രധാന പങ്കുണ്ട്. ഇന്ത്യയിൽ ബധിര സമൂഹം വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന ഭാഷയാണ് ഇന്ത്യൻ ആംഗ്യഭാഷ (Indian Sign Language – ISL).

ബധിര വ്യക്തികളുടെ വിദ്യാഭ്യാസത്തിൽ ആംഗ്യഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സ്വന്തം ഭാഷയിൽ പഠിക്കാനും സംശയങ്ങൾ ചോദിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും കഴിയുമ്പോൾ അവരുടെ ആത്മവിശ്വാസവും പഠനശേഷിയും വർധിക്കുന്നു. മാതാപിതാക്കളും അധ്യാപകരും ആംഗ്യഭാഷ പഠിക്കുന്നത് കുട്ടികളുമായുള്ള ആശയവിനിമയവും കുടുംബബന്ധങ്ങളും ശക്തമാക്കും.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ സേവനം, മതപരമായ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലും ആംഗ്യഭാഷാ സൗകര്യം ആവശ്യമാണ്. ബധിരർക്ക് സമൂഹത്തിൽ തുല്യമായി പങ്കെടുക്കാൻ ഇത് സഹായിക്കുന്നു.

അന്താരാഷ്ട്ര ബധിര വാരവും ആംഗ്യഭാഷാ ദിനവും ബധിരരുടെ ഭാഷയും അവകാശങ്ങളും സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള അവസരങ്ങളാണ്. ഈ ദിനങ്ങൾ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ ആംഗ്യഭാഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമാകണം.

ആംഗ്യഭാഷ ബധിരർ മാത്രം പഠിക്കേണ്ട ഭാഷയല്ല. സമൂഹത്തിലെ കൂടുതൽ ആളുകൾ അത് പഠിക്കുമ്പോൾ ആശയവിനിമയത്തിന്റെ അകലം കുറയും. ഒരു പുതിയ ഭാഷ പഠിക്കുന്നതിലുപരി, മറ്റൊരു മനുഷ്യനിലേക്ക് എത്തിച്ചേരാനുള്ള ഒരു പുതിയ വഴിയാണ് ആംഗ്യഭാഷ.

Rev. Fr. Joly Alphons 

(Social worker, Sign language interpreter)