ശങ്കരൻ കൈതപ്രം റെഡ് ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
സന്നദ്ധ ആരോഗ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ശങ്കരൻ കൈതപ്രം അറിയിച്ചു. കോളേജുകളിൽ യൂത്ത് റെഡ് ക്രോസ് വ്യാപിപ്പിക്കുമെന്നും ലഹരിക്കെതിരെ ക്യാമ്പയിനുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. "ദുരന്തനിവാരണവും ദുരിതാശ്വാസവും, രക്തദാനവും രക്തസേവനവും, പ്രഥമശുശ്രൂഷ (First Aid) പരിശീലനം, ആരോഗ്യപരിപാലനം, യുവജന-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അവശ വിഭാഗങ്ങൾക്ക് സഹായം തുടങ്ങിയവ ഏകോപിപ്പിക്കും."
പത്തു വർഷത്തിൽ അധികമായി ഇന്ത്യൻ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന ശങ്കരൻ കൈതപ്രം, റെഡ് ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ ഇന്ത്യൻ റെഡ് ക്രോസ് പയ്യന്നൂർ താലൂക്ക് വൈസ് ചെയർമാനായി പ്രവർത്തിച്ചുവരികയാണ്. ദീർഘകാലമായി റെഡ് ക്രോസിന്റെ വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം, സാമൂഹിക സേവന രംഗത്തും പൊതുപ്രവർത്തന മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.
പിലാത്തറ പ്രസ് ഫോറത്തിന്റെ പ്രസിഡന്റായും പ്രവർത്തിക്കുന്ന അദ്ദേഹം നിലവിൽ സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതോടെ റെഡ് ക്രോസ് കമ്മിറ്റിയുമായി ചേർന്ന് കൂടുതൽ സജീവമായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് സന്നദ്ധ ആരോഗ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി, ആവശ്യമായ ഘട്ടങ്ങളിൽ സാധാരണക്കാർക്ക് സഹായമെത്തിക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. റെഡ് ക്രോസിന്റെ മാനവിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രവർത്തനങ്ങളിൽ യുവജനങ്ങളെയും സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കുന്നതിനും ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശങ്കരൻ കൈതപ്രതിന് വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദനം അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



