ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിന് ഡിജിറ്റൽ മുഖം

വെബ്സൈറ്റും വളണ്ടിയർ LMS സംവിധാനവും കേരള ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

പിലാത്തറ: ഹോപ്പ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുന്നതിനായി വികസിപ്പിച്ച വെബ്സൈറ്റിന്റെയും വളണ്ടിയർ LMS (Learning Management System) സംവിധാനത്തിന്റെയും ഉദ്ഘാടനം കേരള ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ആർച്ചി കൈറ്റ്സ് വെബ്സൈറ്റ് ഡെവലപ്പർ ആകാശ് അരവിന്ദ് മന്ത്രിക്ക് സോഫ്റ്റ്‌വെയർ കൈമാറിയാണ് ഉദ്ഘാടനം നടന്നത്.

ഹോപ്പിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ അവതരിപ്പിച്ചത്. ഹോപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ പിന്തുണ, ഭക്ഷണസഹായം ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളും പ്രവർത്തനങ്ങളും ഇനി വെബ്സൈറ്റ് വഴി കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനും ഏകോപിപ്പിക്കാനും സാധിക്കും.

വളണ്ടിയർ പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടയായും പരിശീലനാധിഷ്ഠിതമായും നടത്തുന്നതിനാണ് പുതിയ LMS സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ വളണ്ടിയർമാർക്ക് വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് 1000 ക്രെഡിറ്റ് പോയിന്റുകൾ നേടുന്നതിനൊപ്പം അഞ്ച് വ്യത്യസ്ത തലങ്ങളിലുള്ള സർട്ടിഫിക്കേഷനുകൾ സ്വന്തമാക്കാനും അവസരമുണ്ടാകും. ഇതുവഴി കൂടുതൽ പരിശീലനം നേടിയ സാന്ത്വന പ്രവർത്തകരെ സമൂഹത്തിന് ലഭ്യമാക്കുകയാണ് ലക്ഷ്യം.

നഴ്സിംഗ്, മെഡിസിൻ, BSW, MSW തുടങ്ങിയ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും സാമൂഹിക സേവനത്തിൽ താൽപര്യമുള്ളവർക്കും വളണ്ടിയർ സംവിധാനവും LMS പ്ലാറ്റ്‌ഫോമും ഏറെ പ്രയോജനകരമാകും. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമൂഹിക സേവനത്തിന്റെ അനുഭവവും അംഗീകൃത ക്രെഡിറ്റുകളും സർട്ടിഫിക്കേഷനുകളും നേടാൻ ഇതിലൂടെ സാധിക്കും.

ഹോപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാനും സാന്ത്വന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കാനും പുതിയ വെബ്സൈറ്റ് സഹായിക്കും”, എന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.