അസുഖ ബാധിതയായ തമിഴ്നാട് തിരുപ്പൂർ പള്ളടം സ്വദേശിനിയായ പ്രിയവല്ലിയെ നാട്ടിലെത്തിച്ച് തുടർചികിത്സ നൽകി ഹോപ്പ് പിലാത്തറ
പയ്യന്നൂർ: തമിഴ്നാട് തിരുപ്പൂർ പള്ളടം സ്വദേശിനിയായ പ്രിയവല്ലിയെ നാട്ടിലെത്തിച്ച് തുടർ ചികിത്സ ഏർപ്പാടാക്കി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്.
അസുഖ ബാധിതയായി എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത നിലയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ ഇവരെ മെയ് 14 മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആശുപത്രിയിൽ ആരും നോക്കാൻ ഇല്ലാതെ കഴിഞ്ഞിരുന്ന ഇവരെ ഹോപ്പ് പ്രവർത്തകർ ഏറ്റെടുത്ത് സ്വദേശമായ തിരുപ്പൂർ പള്ളടത്ത് എത്തിക്കുകയായിരുന്നു. ഹോപ്പ് യൂനിറ്റ് സെക്രട്ടറി ജാക്യൂലിൻ ബിന്ന സ്റ്റാൻലി, യുവ ഹോപ്പ് കോഡിനേറ്റർ റിയാസ് പിലാത്തറ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
പ്രിയവല്ലിയെ തിരുപ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി. കുടുംബത്തെ കണ്ടെത്തിയെങ്കിലും തിരുപ്പൂരിൽ പഴയ സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന കുടുംബം പ്രിയ വല്ലിയെ കുടുംബം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് തമിഴ്നാട് പൊലീസിന്റെ നിർദ്ദേശപ്രകാരം തുടർ ചികിത്സക്കായി വീണ്ടും തമിഴ്നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചികിത്സക്കുശേഷം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിയാരം മെഡിക്കൽ കോളജ് പൊലീസ്, മെഡിക്കൽ കോളജ് ജീവനക്കാർ, സോഷ്യോളജി വകുപ്പ്, ലീഗൽ സർവീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നാട്ടിലെത്തിക്കൽ നടപടികൾ പൂർത്തിയാക്കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.



