മുഖ്യമന്ത്രിപദത്തിലേക്കുള്ള മത്സരം: കെ സി വേണുഗോപാലിന് നാട്ടിൻ്റെ പിന്തുണ എത്രത്തോളം?
മുഖ്യമന്ത്രിയാകാൻ കൊതിക്കുന്ന കണ്ണൂരിലെ നേതാവിന് നാടിൻ്റെ സപ്പോർട്ട് ഉണ്ടോ? രാജ്യഭരണം ചോദിക്കാൻ അർഹതയുണ്ടോ ഈ വ്യക്തിക്ക്!!!
2012 ഒക്ടോബർ വരെ — കേരള മന്ത്രി അതിന് ശേഷം — കേന്ദ്ര സഹമന്ത്രി അങ്ങനെ ഒരു വ്യക്തി നമ്മുടെ നാട്ടിലുണ്ട് രാഷ്ട്രീയ നിരൂപകർക്കും പ്രവർത്തകർക്കും ആളെ മനസ്സിലായിക്കാണും.
നമ്മുടെ നാട്ടുകാരനായ കെ സി വേണുഗോപാൽ തന്നെയാണ് ആ വ്യക്തിത്വം. അദ്ദേഹം ആലപ്പുഴക്കാരൻ ആണ് എന്ന് നവമാധ്യമങ്ങൾ അടക്കം പറയുമ്പോഴും സത്യം കണ്ണൂർ ജില്ലയിലെ കണ്ടോന്താർ കൈതപ്രം നിന്ന് ഇടതുപക്ഷ കോട്ടയിൽ നിന്ന് പടപൊരുതി കോൺഗ്രസ് പ്രവർത്തരുടെ നേതാവായ ഒരു പ്രവർത്തകൻ ആയിരുന്നു കെസി.
ചില സോഷ്യൽ മീഡിയയിൽ പയ്യന്നൂർ കോളേജിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളൊക്കെ പുകഴ്ത്തി എഴുതുന്നത് കാണുന്നുണ്ട്. ഗദർ ഷർട്ട് ബാഗിലിട്ടു കൊണ്ട് പോയി പയ്യന്നൂർ കോളേജിൽ എത്തിയശേഷം മാത്രം ഇടാൻ പറ്റാവുന്ന ഒരു സാഹചര്യം അവിടെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ആദ്യമായി കോളേജിൽ വച്ച് അടികൊണ്ടു രാഷ്ട്രീയം വളർത്തി എന്നൊക്കെയാണ് ഇന്ന് കാണുന്നത്. അന്ന് കേരളത്തിൽ കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പരസ്പര പോരായിരുന്നു ഇന്ന് കാണുന്ന വീരവാദമായി ഉയർത്തി കാണിക്കുന്നത്. പിൽക്കാലത്തു സ്വന്തം വീടുപോലും പണയപ്പെടുത്തി സതീശൻ പാച്ചേനി പോലെയുള്ള നാടിനെ അറിഞ്ഞ നേതാക്കളുടെ മഹത്വം തിരിച്ചറിയുന്നത്.
കണ്ണടച്ച് തുറക്കുന്ന വേഗതയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയിലേക്ക് അദ്ദേഹം എത്തിപ്പെടുമോ എന്നാണ് ഇപ്പോഴത്തെ ട്രെൻഡ് ആയിരിക്കുന്ന മാധ്യമ ചോദ്യം. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഒരിക്കൽപോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഞാനില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് മനസ്സോടുകൂടി പ്രവർത്തിച്ച കുറുക്കന്റെ കണ്ണുള്ള നേതാവ്. എന്നുതന്നെ ഒറ്റവാക്കിൽ പറയേണ്ടിവരും കെസിയെ.
ഒരേസമയം സംസ്ഥാന മന്ത്രിയും കേന്ദ്ര സഹമന്ത്രിയും ആയി തുടരാൻ കഴിയില്ല അതിനാൽ അദ്ദേഹം കേരള മന്ത്രിസ്ഥാനം വിട്ട് ഡൽഹിയിലേക്ക് മാറി. കുറച്ച് വർഷങ്ങൾക്കുശേഷം നേരെ തിരിച്ച് അതുപോലെ വരാനുള്ള ഒരു തയ്യാറെടുപ്പ് നടത്തുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ രാഷ്ട്രീയത്തിന് ഒരു പ്രത്യേകതയുണ്ട് അവസാനം നിമിഷം വരെ ആരാണ് വില്ലൻ എന്ന് പറയാൻ പറ്റില്ല. നല്ല സുമുഖനായ വില്ലൻ ആണ് കെ സി എന്ന് എൻ്റെ സൗഹൃദത്തിനുള്ള പലരും എന്നും പറയാറുണ്ട്.
സ്വന്തം മണ്ഡലത്തിൽ നിന്ന് ജയിക്കാനുള്ള ത്രാണി പോലും അദ്ദേഹത്തിനില്ല. വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിൻ്റെ ചിട്ടയായ പ്രവർത്തനത്തിലും, കേരളത്തിൽ ഉണ്ടായ വലിയ ഭരണ വിരുദ്ധ വികാരത്തിലും ഉണ്ടായ തിളക്കമാർന്ന വിജയത്തിൽ കളി ജയിപ്പിച്ച റഫറിയുടെ റോളിൽ നിന്ന് കളി ജയിപ്പിച്ച ക്യാപ്റ്റന്റെ സ്ഥാനം ഏറ്റെടുക്കുന്നത് ഔചിത്യം ഇല്ലായ്മ തന്നെയാണ്. കേരളം പോലെ മറ്റ് പല സംസ്ഥാനങ്ങളിലും ഉണ്ടായ തോൽവിയിൽ പങ്കില്ലാത്ത ഈ നേതാവിനെ എങ്ങനെയാണ് കേരളത്തിലെ വിജയത്തിൽ രാജ്യഭരണം ചോദിക്കാൻ അർഹത. കോൺഗ്രസ് എന്നാൽ സമവായം എന്നാണ് പൊതുവെ ധാരണ. നാട്ടിൽ ഒരു ചൊല്ലുണ്ട് അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുക (സ്ത്രീവിരുദ്ധത ക്ഷമിക്കുക) അതല്ലെ ഇത്. കഴിഞ്ഞ തവണ വി എസ് വിഷയത്തിൽ കേരളം കണ്ടതാണ് ഇത്. 10 വർഷംകൊണ്ട് റിസൾട്ട് കണ്ടു കേരളം ഇന്ന് ഞെട്ടി.
ആരായിരിക്കണം ഒരു നേതാവ് ? ഇപ്പോൾ കാണുന്ന നേതാക്കൾ എങ്ങനെ ഉണ്ടായി!!!
ഈ ലോകത്തിൽ രണ്ട് തരത്തിലുള്ള ജനങ്ങളുണ്ട്. അതിലൊരു "കൂട്ടർ നേതാക്കളാണ്. ശേഷിച്ചവർ അനുയായികളും", മിക്ക നേതാക്കളും ആദ്യമൊക്കെ അനുയായികളായിരുന്നു. അങ്ങിനെയായിരുന്നു അവരുടെ തുടക്കം. വിവേകമുള്ള അനുയായികളായതുകൊണ്ടാണ് പിന്നീടവർ മഹാന്മാരായ നേതാക്കളായത്. നേതാവിനെ വിവേകപൂർവ്വം പിന്തുടരാനാകാത്ത ഒരനുയായിക്ക് പിന്നീട് കാര്യക്ഷമതയുള്ള നേതാവാകാൻ പറ്റില്ല. ഒരു നേതാവിനെ കാര്യക്ഷമമായി പിന്തുടരുന്ന അനുയായിയിൽ പിന്നീട് വളരെ വേഗത്തിൽ നേതൃത്വഗുണങ്ങൾ വികസിക്കുന്നു. എന്നാൽ ഇന്ന് നേതാവിനെ വിടുപണി ചെയ്ത് നേതൃത്വ സ്ഥാനം സ്വപ്നം കാണുന്ന രാഷ്ട്രീയ ബധിരത ബാധിച്ച സ്ഥാനമാനങ്ങൾ സ്വപ്നം കാണുന്ന രാഷ്ട്രീയ നേതാക്കളാണ് ഈ നാടിൻ്റെ ശാപം.
ആർജ്ജവത്തോടെ കളി ജയിപ്പിച്ച വി ഡി സതീശനെ എത്രപേർ സപ്പോർട്ട് ചെയ്യും എന്ന് കാണാം. എംഎൽഎമാരുടെ സപ്പോർട്ട് കുറവായിരിക്കാം. ഉപതിരഞ്ഞെടുപ്പ് വീണ്ടും നേരിടേണ്ടി വരാം. അത്രപോലും മുഖ്യമന്ത്രിയാവാൻ ഇവിടെ യോഗ്യരായവർ ഇല്ല എന്നാണോ കോൺഗ്രസ് നേതൃത്വം പറയുന്നത്. ഉപതെരഞ്ഞെടുപ്പ് വന്നാൽ കൈമയും മറന്നു തോൽപ്പിക്കാൻ പ്രവർത്തകർ ചിന്തിച്ചാൽ കേന്ദ്രത്തിലും കേരളത്തിലും ഓരോ വോട്ട് കുറച്ചേക്കാം. അപ്പോഴും വി ഡി സതീശൻ ഉറപ്പു തന്നത് പോലെ നൂറിൽ കുറയില്ല. കേരളത്തിൻ്റെ രാഷ്ട്രീയത്തിൽ മത നേതാക്കൾക്കും രാഷ്ട്രീയ കക്ഷികൾക്കും മുന്നിൽ തിണ്ണ നിരങ്ങാൻ ആണ് യോഗമെങ്കിൽ അയോഗം അങ്ങ് നടക്കട്ടെ. അഞ്ചുവർഷം പൂർത്തിയാക്കിയാൽ നല്ലത്.
ഇങ്ങനെ പലതരത്തിലുള്ള നേതാക്കളെ നമുക്ക് കാണാൻ പറ്റും. നിസ്വാർത്ഥ സേവകരായ നേതാക്കളും അനുയായികളും ഉള്ളിടത്തോളം കാലം മാത്രമാണ് ജനാധിപത്യം പുലരുക.
കാലം മാറ്റാത്ത മാറ്റം ഇല്ല എന്നല്ലേ!!!
കെ. കരുണാകരൻ, വയലാർ രവി തുടങ്ങിയ പലരും ആയിരിക്കാം കെ സിയുടെ രാഷ്ട്രീയ ഗുരുക്കന്മാർ. “ഒരു വ്യക്തി മാത്രം രാഷ്ട്രീയ ഗുരു” ആര് എന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല വി ഡി സതീശൻ ആണ്. വി.ഡി. സതീശൻ കെ.എസ്.യു–യുവജന കോൺഗ്രസ് വഴി ഉയർന്ന നേതാവാണ്. കെ. കരുണാകരന്റെ നേതൃത്വവും ശൈലിയും അദ്ദേഹത്തെ സ്വാധീനിച്ചു എന്ന് തോന്നിപ്പിക്കുന്ന ഒരു ശൈലി അദ്ദേഹം സ്വീകരിച്ചു.
ചരിത്രം അവിടെ നിൽക്കട്ടെ, കുറച്ച് കഥകളിലേക്ക് വരാം. സ്വാർത്ഥനായ ഈ വ്യക്തിക്ക് നാട്ടിൽ എന്ത് വിലയാണ് ഉള്ളത്.
വല്ലപ്പോഴും നാട്ടിൽ വന്നു പോകുന്ന കെസി വേണുഗോപാലിന് സ്വന്തം വീട്ടിൽ വരുമ്പോൾ മാലയിട്ടു കൊടുക്കാൻ കുറച്ച് തുക്കടാ നേതാക്കൾ ഇവിടെയുണ്ട്. അദ്ദേഹത്തെ കാണാൻ ദർശിക്കാൻ നേതാക്കളും മറ്റുള്ളവരും അവിടെ എത്തിച്ചേരണം എന്നാണ് കല്പന. എന്നാൽ അതേ നാട്ടിൽ നിന്ന് അധികം അകലെയില്ലാത്ത കടന്നപ്പള്ളി രാമചന്ദ്രൻ നാട്ടിലെത്തിയാൽ അടുത്തുള്ള എല്ലാ വീടുകളിലും കയറി നാട്ടുകാരെ കാണുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. അത്രത്തോളം ജനകീയനാകാൻ ഇതുവരെ നാട്ടിൽ കെ സിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് വി ഡി സതീശനെ അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് സ്വന്തം നാട്ടിൽ സ്ഥാനം പിടിച്ചത്.
കെ സി മുഖ്യമന്ത്രിയായാൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിലേക്ക് പോകുന്നതാണ് നല്ലത് എന്നു പറഞ്ഞ ചില അണികളെ എനിക്ക് നേരിട്ട് അറിയാം. രാജ്യഭരണം ഒന്ന് ഏൽപ്പിച്ചു നോക്കൂ അഞ്ചുവർഷംകൊണ്ട് കേരളത്തിൽ നടക്കാൻ പോകുന്നതും അതുതന്നെയായിരിക്കും.
ഈലേഖനം തുടർന്ന് സമയമുണ്ടെങ്കിൾ വായിക്കാം .....
എൻ്റെ അനുഭവത്തിൽ ഒരിക്കൽ നേരിട്ട് കൈപ്പ് അറിഞ്ഞതുമാണ്. ഫ്ലാഷ് ബാക്ക് 2012ലേക്ക് തന്നെ വരാം. അന്നാണ് പിലാത്തറ ഡോട്ട് കോം ഒരു തുടക്കം കുറിക്കാൻ നമ്മൾ തീരുമാനിച്ചത്. സോഷ്യൽ മീഡിയ അത്ര പ്രചാരത്തിൽ ഇല്ലാത്ത ഒരു കാലഘട്ടം. കൂടുതലായും ഇമെയിൽ മാത്രം നോക്കി ഇൻറർനെറ്റ് കഫെകളിൽ അഭയം പ്രാപിച്ച ഒരു സമയം.
കണ്ണൂർ ജില്ലയിലെ പിലാത്തറ പോലുള്ള ഒരു നാട്ടിൽ 2012 ൽ ഓൺലൈൻ ന്യൂസ് ചാനൽ എന്ന രീതിയിൽ പിലാത്തറ ഡോട്ട് കോം എന്ന വെബ്സൈറ്റിനെ രൂപം കൊടുത്തത്. ആ വേളയിലാണ് വ്യാമയാനകേന്ദ്രസഹമന്ത്രിയായ കെ സി പിലാത്തറയിലുള്ള കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഹൗസിംഗ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുന്നതിനായി വരുന്നുണ്ട് എന്ന് അറിഞ്ഞത്. അപ്പോൾ തന്നെ അന്നേദിവസം തന്നെ പിലാത്തറ കരുണ ഹാളിൽ ഞങ്ങളുടെ വെബ്സൈറ്റ് ഉദ്ഘാടനം പ്രാദേശിക നേതാക്കളുടെ അനുമതി പ്രകാരം ഔദ്യോധികമായി തീരുമാനിച്ചു. അന്ന് വ്യോമയാന സഹമന്ത്രിയായിരുന്ന കെ സി ഉദ്ഘാടനം ഏറ്റിരുന്നു.
ഉദ്ഘാടന ദിവസം രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ വന്നു. ബിൽഡിങ്ങിലേക്ക് ഒരു വഴി മാത്രമേ ഉള്ളൂ അതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി നൽകാൻ ആകില്ല എന്ന് പറയുകയും ഉദ്ഘാടനം നടത്താൻ പറ്റാത്ത സാഹചര്യവും വന്നു. സ്ഥലത്തെ കോൺഗ്രസ് നേതാക്കൾ ഹൗസിംഗ് സൊസൈറ്റിയുടെ ഉദ്ഘാടന സ്ഥലത്ത് വേദിയിൽ വച്ച് നിങ്ങളുടെ വെബ്സൈറ്റ് ലാപ്ടോപ്പിൽ ക്ലിക്ക് ചെയ്ത് ഉദ്ഘാടനം ചെയ്യാൻ പറ്റും എന്നും അറിയിച്ചു. അന്ന് ശക്തമായ നിലപാട് അറിയിക്കുകയായിരുന്നു ഞാൻ ചെയ്തത്. "അത്തരമൊരു രാഷ്ട്രീയ വേദിയിൽ വച്ച് ചെയ്യേണ്ടതല്ല" ഞങ്ങളുടെ പിലാത്തറ ഡോട്ട് കോം എന്നും നാട്ടുകാരനായ മന്ത്രിക്ക് പിലാത്തറയിലെ ബിൽഡിങ്ങിന്റെ രണ്ടാം നിലയിൽ കയറുന്ന സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അദ്ദേഹം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യാൻ യോഗ്യനല്ല എന്നും നിലപാടെടുത്തു. അങ്ങനെ ചടങ്ങ് മുടങ്ങി എങ്കിലും നിലപാടുകൾ നമ്മൾ മാറ്റിയില്ല.
അദ്ദേഹത്തിന് അത് വലിയ കാര്യമല്ലായിരിക്കാം, കെട്ടുകേൾവി പോലുമില്ലാത്ത ഒരു ലോക്കൽ ചാനലായി തോന്നിയിരിക്കാം. അല്ലെങ്കിൽ കൂടെയുള്ള നേതാക്കൾ കൃത്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി കാണില്ല. ഇത്തരം പല കഥകൾ അറിയുന്നത് കൊണ്ട് 'നമ്മൾ ഇന്നും വിശ്വസിക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് കെസി വേണുഗോപാൽ എന്ന് പറയുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സമീപിക്കാനും അദ്ദേഹത്തിൻറെ ഇടപെടൽ ലഭിക്കാനും ഇതുപോലെതന്നെ ആയിരിക്കും കേരളത്തിലെ സാഹചര്യം എന്നുതന്നെയാണ് .
ജനങ്ങൾക്കിടയിൽ ഇറങ്ങി ചെല്ലാൻ കഴിയുന്ന ആളായിരിക്കണം നേതാവ്. 15 വർഷം മുമ്പ് സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ വ്യക്തിത്വം മുഖ്യമന്ത്രിയായാൽ പിണറായിയെക്കാൾ കൂടുതൽ സുരക്ഷാ വേണ്ടിവരും ഇവിടെ.
( സൗഹൃദത്തിൻ്റെ മുഖം കൊണ്ട് അവസാന നിമിഷം വരെ അദ്ദേഹത്തിലെ വില്ലൻ കഥാപാത്രത്തെ കണ്ടുപിടിക്കാൻ ഇവിടുത്തെ സംവിധാനത്തിന് കഴിയില്ല. ) പക്ഷേ അവസാന നിമിഷം ജനം തിരിച്ചറിയും വില്ലൻ ആരാണെന്ന്.
പ്രാദേശിക വാദം / വ്യക്തി പൂജ തുടങ്ങിയ താത്കാലിക സൗകര്യങ്ങൾ നോക്കാതെ ആത്മാർത്ഥമായി നിങ്ങൾ പറയു ആര് കേരളത്തെ നയിക്കണം?
കളി ഗാലറിയിലിരുന്ന് കാത്തിരുന്നു കാണാം...
Shanil cheruthazham
www.pilathara.com
വാൽ: പയ്യന്നുരിൽ ടി ഐ മധു മധുസൂദനെയും , തളിപ്പറമ്പിൽ ശ്യാമളടീച്ചറേയും കണ്ണൂരിൽ കടന്നപ്പള്ളിയെയും തോൽപ്പിക്കാനുള്ള ആർജം പോലും കെ സിക്ക് ഇല്ലെന്ന വസ്തുത പ്രാദേശിക ജയ്‌വിളിക്കാർ മനസിലാക്കിയാൽ നന്നായിരുന്നു.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.


