×

വാണിജ്യ ഗ്യാസ് സിലണ്ടർ തീവില

വാണിജ്യ സിലിണ്ടർ വിലയിൽ വൻ വർധന; വില 3,000 കടന്നു

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് സിലിണ്ടർ വില 3,000 രൂപയും കടന്ന് കുതിക്കുകയാണ്. പുതുക്കിയ നിരക്ക് പ്രകാരം കൊച്ചിയിൽ 3,085 രൂപയും, തിരുവനന്തപുരത്ത് 3,106 രൂപയും, കോഴിക്കോട് 3,117.5 രൂപയുമാണ് ഒരു വാണിജ്യ സിലിണ്ടറിന്റെ വില.
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ വിലക്കയറ്റം ഹോട്ടലുകൾക്കും തട്ടുകടകൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രിലിൽ 195.50 രൂപയും ജനുവരി, മാർച്ച് മാസങ്ങളിലും സമാനമായ രീതിയിൽ വില വർധിപ്പിച്ചിരുന്നു. നിരന്തരമായുണ്ടാകുന്ന ഈ വർധനവ് ഭക്ഷണസാധനങ്ങളുടെ വില കൂട്ടാൻ ഹോട്ടലുടമകളെ നിർബന്ധിതരാക്കും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല എന്നത് മാത്രമാണ് ഏക ആശ്വാസം.


വിലക്കയറ്റത്തിന് പുറമെ തൊഴിലാളി ക്ഷാമവും ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തതും എൽ.പി.ജി വിതരണത്തിലെ നിയന്ത്രണങ്ങളും കാരണം പല ഹോട്ടലുകളും നിലവിൽ അടഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് ഇടിത്തീ പോലെ പുതിയ വിലവർധനവ് വന്നെത്തിയിരിക്കുന്നത്. എന്നാൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രൈവറ് ഗ്യാസ് ഏജൻസികൾ ഇപ്പോൾ 4000 മുതൽ 5000 വരെയുള്ള തുകകൾ  തോന്നിയ വിലയാണ് ഈടാക്കുന്നത്. ഇതിനു ഒരു ഏകീകരണം വരുമെന്ന ആശ്വാസത്തിലാണ്‌ ചില ഹോട്ടൽ ഉടമകൾ.