×

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു; സംസ്ഥാനത്ത് കേസുകൾ ഉയരുന്നു

കാസർഗോഡിൽ പാമ്പ് കടിയേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലര വയസുകാരി ഋതു ചന്ദ്ര മരിച്ചു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പ് കടിച്ചത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയരുന്നുവെന്ന ആശങ്കയും ഉയരുന്നു.

കാസർഗോഡ്: പാമ്പ് കടിയേറ്റ് ചികിത്സയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു. കാസർഗോഡ് എളേരിത്തട്ടിലെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

മൂർഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. പാമ്പ് കടിയേറ്റ ഉടൻ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 83 പേർക്ക് പാമ്പുകടിയേറ്റതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നലെ മാത്രം ഒമ്പത് കേസുകൾ റിപ്പോർട്ട് ചെയ്തതോടൊപ്പം, പാമ്പ് കടിയേറ്റതായി സംശയിക്കുന്ന 15 കേസുകളും രേഖപ്പെടുത്തി. 108 ആംബുലൻസ് സർവീസ് ലഭ്യമാക്കിയ വിവരങ്ങളാണ് ഇത്.