പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി
പയ്യന്നൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ വി കുഞ്ഞിക്കൃഷ്ണൻ. മത്സരം ഇടതുപക്ഷത്തിനെതിരല്ലെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കും. സ്ഥാനാർഥി പ്രഖ്യാപനം സിപിഎം സ്ഥാനാർഥിയായി പയ്യന്നൂരിൽ ടി ഐ മധുസൂദനൻ എംഎൽഎയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട് വകമാറ്റൽ, 2021ലെ തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരേ ആരോപിച്ചത്.
ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണൻ്റെ ആരോപണം. ധനരാജിൻ്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നും പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


