കണ്ണൂർ മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനശ്രമം: ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലേക്ക്
ഗവ മെഡിക്കൽ കോളേജ് പരിയാരം കാത്ത് ലാബ് ടെക്നീഷ്യൻ നിയമനത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പിൻവാതിൽ നിയമനം നടത്താൻ ശ്രമിക്കുന്നതായി ആരോപണം.
മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിന് മുമ്പ് ട്രെയിനിയായി ജോലി ചെയ്തിരുന്ന ജീവനക്കാരിയെ, സർക്കാർ ഏറ്റെടുത്തതിന് ശേഷവും യാതൊരു എഴുത്ത് പരീക്ഷയോ അഭിമുഖമോ കൂടാതെ ഡെയ്ലി വേജസിലേക്കും പിന്നീട് 2022ൽ കോൺട്രാക്ട് വ്യവസ്ഥയിലേക്കും മാറ്റി നിയമിച്ചതായാണ് പരാതി.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ലിസ്റ്റിൽ ഒരു വർഷത്തിലധികമായി മുപ്പതിലധികം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കാത്തിരിക്കുമ്പോൾ, ആശുപത്രിയിലെ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതെയാണ് നിയമന നീക്കങ്ങൾ നടക്കുന്നതെന്ന് ആരോപിക്കുന്നു. നിലവിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയെ തന്നെ തുടർ നിയമനത്തിന് സഹായിക്കാനുള്ള ശ്രമമാണിതെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ ഫെബ്രുവരി 18ന് നടത്താനിരിക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിനെതിരെ കലക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യവുമായി ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


