• Wednesday, 28 January 2026
  • 01:25:05 PM
Read report

ചെറുതാഴം ക്ഷീര സഹകരണ സംഘം: കർഷക ഉന്നമനത്തിന്റെ വിജയ മാതൃക

കർഷകന്റെ കയ്യിൽ ന്യായമായ വിലയും ഉപഭോക്താവിന്റെ കയ്യിൽ ശുദ്ധമായ പാലും എത്തിക്കണമെന്ന സ്വപ്നവുമായി 1973-ൽ ചെറുതാഴം ഗ്രാമത്തിൽ തുടക്കമിട്ട ഒരു ചെറിയ സഹകരണ സംഘം… ഇന്നത് കേരളത്തിലെ ക്ഷീരമേഖലയുടെ അഭിമാനമായി വളർന്നു നിൽക്കുന്നു. ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘം എന്ന ആ സ്ഥാപനം, കാലത്തിനൊത്ത് മാറിയും വളരിയും, ഇന്ന് “ചെറുതാഴം മിൽക്ക്” എന്ന സ്വന്തം ബ്രാൻഡിലൂടെ വിപണിയിൽ ശക്തമായ സാന്നിധ്യമാകുകയാണ്.

കർഷകർക്ക് നല്ല വില, ജനങ്ങൾക്ക് നല്ല പാൽ” – ഈ മുദ്രാവാക്യം വാചകമല്ല, പ്രവർത്തനമാണെന്ന് സംഘം തെളിയിച്ചത് മിൽമ വിലയേക്കാൾ ലിറ്ററിന് മൂന്ന് രൂപ അധികം നൽകി പാൽ സംഭരിച്ചുകൊണ്ടാണ്. കർഷകന്റെ വിയർപ്പിന് വിലകൽപ്പിച്ച ഈ തീരുമാനം തന്നെയാണ് സംഘത്തിന്റെ വളർച്ചയുടെ ആദ്യ അടിത്തറ.

2020 മുതൽ ‘ചെറുതാഴം മിൽക്ക്’ എന്ന സ്വന്തം ബ്രാൻഡിലൂടെ വിപണിയിൽ സജീവമായ സംഘം, ഇന്ന് പ്രതിദിനം ശരാശരി 35,000 ലിറ്റർ പാൽ സംഭരിക്കുന്നു. ഫ്രഷ് മിൽക്ക്, പ്രോസസ്ഡ് മിൽക്ക്, നെയ്യ്, തൈര്, മോര്, സംഭാരം തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളായി ഉപഭോക്താക്കളിലേക്കാണ് വിതരണം. ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിലെ 230 കർഷകരിൽ നിന്നും, കണ്ണൂർ ജില്ലയിലെ പത്തിലധികം പരമ്പരാഗത ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഘം പാൽ ശേഖരിക്കുന്നു.

പിലാത്തറയ്ക്കടുത്ത് നരിക്കാംവള്ളിയിൽ പ്രവർത്തിക്കുന്ന 3500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഡയറി പ്രോസസ്സിംഗ് പ്ലാന്റിൽ മണിക്കൂറിൽ 2000 ലിറ്റർ പാൽ കൈകാര്യം ചെയ്യാനുള്ള സൗകര്യമുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കുന്നു.

പുതിയ ആധുനിക പ്ലാന്റിലേക്ക് കാൽവയ്പ്പ്

വിപണിയിൽ ചെറുതാഴം മിൽക്കിനുള്ള ആവശ്യം പത്തു മടങ്ങ് വർധിച്ചതോടെയാണ് ഒരു പുതിയ ആധുനിക പ്ലാന്റിന്റെ ആശയം രൂപപ്പെട്ടത്. പരിയാരം മെഡിക്കൽ കോളേജിന് സമീപം കുറുവയിൽ 6.16 ഏക്കർ സ്ഥലത്ത്, പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ സംസ്‌കരിക്കാൻ കഴിയുന്ന പുതിയ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. മണിക്കൂറിൽ 10,000 ലിറ്റർ പാൽ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഈ പ്ലാന്റിനൊപ്പം ഡയറി ഫാം, ഫാം ടൂറിസം പദ്ധതികളും സംഘം ലക്ഷ്യമിടുന്നു.

പിലാത്തറ നഗരമധ്യത്തിലെ 20 സെൻറ് സ്ഥലത്താണ് സംഘത്തിന്റെ ഓഫീസ് കെട്ടിടം. നിലവിൽ 11 വാഹനങ്ങൾ സംഘത്തിനുണ്ട്. 2024–25 സാമ്പത്തിക വർഷത്തെ വിറ്റുവരവ് ഏകദേശം 72 കോടി രൂപയാണ്. 15 സ്ഥിരം ജീവനക്കാർ ഉൾപ്പെടെ 80 ഓളം പേർ സംഘത്തിൽ ജോലി ചെയ്യുന്നു. ക്ലാസ്–1 സൂപ്പർ ഗ്രേഡ് സഹകരണ സംഘമായ ചെറുതാഴത്തിന് ഓഡിറ്റ് ക്ലാസിഫിക്കേഷൻ ‘A’ ഗ്രേഡുമാണ്.

കർഷക സൗഹൃദ പദ്ധതികൾ

50 ലിറ്ററിലധികം പാൽ നൽകുന്ന കർഷകർക്ക് ലിറ്ററിന് 2 രൂപയും, 100 ലിറ്ററിന് മുകളിൽ നൽകുന്നവർക്ക് 4 രൂപയും അധിക ഇൻസെന്റീവായി നൽകുന്നു. പശുക്കൾ വാങ്ങാനും തൊഴുത്ത് നിർമ്മിക്കാനും പലിശരഹിത വായ്പയും സബ്സിഡി വായ്പയും ലഭ്യമാക്കുന്നു. കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ചെറുതാഴം സർവീസ് സഹകരണ ബാങ്ക് എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.

സംഘത്തിന്റെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ മാറ്റിവച്ച് 50,000 രൂപ വീതം revolving fund ആയി കർഷകർക്ക് പശുക്കൾ വാങ്ങാൻ നൽകുന്നു. പാലളക്കുന്നതിലൂടെ തന്നെ ഈ തുക തിരിച്ചടക്കാം.

ക്ഷീരവികസന വകുപ്പുമായി ചേർന്ന് ‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. പ്രീമിയത്തിന്റെ 50 ശതമാനം സംഘം വഹിക്കുന്നു. ഇൻഷുറൻസ് ഇല്ലാത്ത പശുക്കൾ മരണപ്പെട്ടാൽ കാലിയൊന്നിന് 10,000 രൂപയും നൽകുന്നു.

സാമൂഹിക ഉത്തരവാദിത്വവും ക്ഷേമ പ്രവർത്തനങ്ങളും

വേനൽക്കാലത്ത് ലിറ്ററിന് രണ്ട് രൂപ അധിക ഇൻസെന്റീവ്, ഓണത്തിന് ഓണക്കിറ്റും ഉൽപ്പാദന ബോണസും, മഴക്കാല ദുരിതാശ്വാസമായി തൊഴുത്ത് നവീകരണം, കാലിത്തീറ്റ വിതരണം എന്നിവയും സംഘം നടത്തുന്നു. കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 100 രൂപ സബ്സിഡിയും ലഭ്യമാണ്.

കർഷകർക്ക് ചികിത്സാ സഹായം, മരണാനന്തര ചടങ്ങുകൾക്ക് 3000 രൂപ, JLG ഗ്രൂപ്പുകൾക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പ, പാൽ ഗുണനിലവാര ബോധവൽക്കരണ ക്ലാസുകൾ, ഉൽപ്പാദന വർധനവിനുള്ള പരിശീലനങ്ങൾ എന്നിവയും സ്ഥിരമായി നടപ്പിലാക്കുന്നു.

2024-ൽ ആരംഭിച്ച ‘ക്ഷീര ഗ്രാമം പദ്ധതി’ വഴി പ്രതിദിനം 1000 ലിറ്റർ അധിക പാൽ സംഭരിക്കാൻ സാധിച്ചതും ശ്രദ്ധേയമാണ്.

അംഗീകാരങ്ങളും നേതൃത്വവും

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൂന്ന് ശമ്പള പരിഷ്കരണങ്ങളും ജീവനക്കാർക്ക് നടപ്പിലാക്കിയിട്ടുണ്ട്. 2022–23-ൽ വ്യവസായ വകുപ്പിന്റെ സംസ്ഥാന MSME പുരസ്കാരം, ജില്ലയിലെ മികച്ച ചെറുകിട സംരംഭകർക്കുള്ള പുരസ്കാരം, 2023–24-ൽ മികച്ച ക്ഷീരസംഘം സെക്രട്ടറിക്കുള്ള ‘ക്ഷീര മിത്ര’ പുരസ്കാരം, കൈരളി ടി.വി. ബെസ്റ്റ് പെർഫോമൻസ് അവാർഡ് എന്നിവയും സംഘത്തിന് ലഭിച്ചു.

 എ.വി. രവീന്ദ്രൻ പ്രസിഡന്റായും,  കെ.എം. രാധിക സെക്രട്ടറിയുമായുള്ള ആറംഗ ഭരണസമിതിയാണ് സംഘത്തെ നയിക്കുന്നത്. 732 അംഗങ്ങളുള്ള ഈ സഹകരണ പ്രസ്ഥാനത്തിന് മുൻ എം.എൽ.എ ടി.വി. രാജേഷിന്റെയും നിലവിലെ എം.എൽ.എ എം. വിജിന്റെയും പിന്തുണയും നിർണായകമാണ്. 

അവസാനമല്ല, തുടക്കമാണ്.

ചെറുതാഴം മിൽക്ക് ഒരു ബ്രാൻഡ് മാത്രമല്ല. അത് സഹകരണത്തിന്റെ ശക്തിയുടെയും കർഷകന്റെ ആത്മവിശ്വാസത്തിന്റെയും ഗ്രാമീണ കേരളത്തിന്റെ മുന്നേറ്റത്തിന്റെയും പ്രതീകമാണ്. ഒരു കാലത്ത് ചെറിയൊരു ഗ്രാമീണ സംഘമായി തുടങ്ങിയ ഈ സംരംഭം, ഇന്ന് ഒരുലക്ഷം ലിറ്ററിന്റെ സ്വപ്നം കാണുമ്പോൾ, അത് കേരളത്തിന്റെ ക്ഷീരമേഖലയുടെ തന്നെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയാകുന്നു.

കേരളസർക്കാർ ക്ഷീരവികസന വകുപ്പ് സംസ്ഥാനത്തെ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ: വർഗീസ് കുര്യൻ അവാർഡ് നേടിയ ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിക്ക് സ്വീകരണം നൽകുന്നു.




പിലാത്തറ ഡോട്ട് കോം - shanil cheruthazham
2026-01-23

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post