വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ: പ്രതിഷേധാർഹമെന്ന് യുവകലാസാഹിതി
ജാതി–മത വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് യുവകലാസാഹിതി സംസ്ഥാന നേതൃക്യാമ്പ് അഭിപ്രായപ്പെട്ടു; വർഗീയതയ്ക്കെതിരെ സംസ്ഥാനവ്യാപകമായി തെരുവോരസദസുകൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപനം.
കണ്ണൂർ: മതേതര ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്കാരത്തിന് ജാതി–മത വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെ പരിഗണിച്ചത് ലജ്ജാകരമാണെന്ന് യുവകലാസാഹിതി സംസ്ഥാന നേതൃക്യാമ്പ് ആരോപിച്ചു. വർഗീയ പ്രചാരകർക്ക് പുരസ്കാരം നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, ഇത് പത്മ പുരസ്കാരങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ക്യാമ്പ് വിലയിരുത്തി.
ഇത്തരം പ്രവണതകൾക്കെതിരേ ജനാധിപത്യ മതേതരവാദികൾ ശക്തമായി പ്രതികരിക്കണമെന്ന് യുവകലാസാഹിതി ആവശ്യപ്പെട്ടു. “വർഗീയതയ്ക്കെതിരേ സാംസ്കാരിക പ്രവർത്തകർ” എന്ന സന്ദേശവുമായി സംസ്ഥാനത്ത് ആയിരം തെരുവോരസദസുകൾ സംഘടിപ്പിക്കുമെന്നും നേതൃക്യാമ്പ് പ്രഖ്യാപിച്ചു.
ക്യാമ്പിന്റെ രണ്ടാം ദിവസം പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ, വി. കെ. സുരേഷ് ബാബു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശാരദ മോഹൻ, അഷ്റഫ് കുരുവട്ടൂർ എന്നിവർ മോഡറേറ്റർമാരായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


