ഡിസ്ട്രിക്‌റ്റ് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും മൂന്നാം ചാർട്ടർ ഡേ ആഘോഷവും നടന്നു.

സേവനത്തിന്റെ മൂന്നാം വർഷം ആഘോഷിച്ച് റോട്ടറി പരിയാരം

പരിയാരം: സന്നദ്ധസേവന രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് തന്നെ വ്യക്തിമുദ്ര പതിപ്പിച്ച റോട്ടറി ക്ലബ് ഓഫ് പരിയാരത്തിന്റെ മൂന്നാം ചാർട്ടർ ഡേ ആഘോഷവും റോട്ടറി ഡിസ്ട്രിക്‌റ്റ് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു.

പരിപാടിയുടെ ഭാഗമായി പരിയാരം മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആവശ്യമായ വീൽചെയറുകൾ, വിദ്യാർഥിനികൾക്കായി മെൻസ്ട്രൽ ഹീറ്റിംഗ് പാഡുകൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബോട്ടിൽ ബൂത്ത് എന്നിവ വിതരണം ചെയ്തു.

സമൂഹ സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരിയാരം ഡെന്റൽ കോളേജ് പ്രൊഫസർ ഡോ. സുഹാസിനും, പാവപ്പെട്ടവർക്കുള്ള സഹായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ പിലാത്തറ സ്വദേശി മുഹമ്മദ് റിയാസിനും റോട്ടറി എക്സലൻസ് അവാർഡ് സമ്മാനിച്ചു.

കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസ്. പരിയാരം സ്കൂളിൽ ഇന്ററാക്ട് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.

പരിയാരം ചിങ്കാരിസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഷെറിൽ വരയിൽ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്‌റ്റ് ഗവർണർ ബിജോഷ് മാനുവൽ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ഗവർണർ വിജിൽ പോൾ, ജി.ജി.ആർ. നിരൂപ് മുണ്ടയാടാൻ, ഡോ. സുഹാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ലബ് സെക്രട്ടറി ഡോ. ആദർശ് ബൽറാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

വരും നാളുകളിലും റോട്ടറിയുടെ സേവന പ്രവർത്തനങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.