കാരുണ്യത്തിന്റെ വിതരണക്കാരും ഉപകരണങ്ങളുമാകുക: ബിഷപ് ഡോ.വടക്കുംതല
കാരുണ്യത്തിന്റെ വിതരണക്കാരും ഉപകരണങ്ങളുമാകാന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല ആഹ്വാനം ചെയ്തു.
പിലാത്തറ മേരി മാതാ സ്കൂള്‍ ഗ്രൗണ്ടില്‍ കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് കൃപാഭിഷേകം ബൈബിള്‍ കണ്വെന്ഷന് തുടക്കമായി നടന്ന ദിവ്യബലിയില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും ദുരിതങ്ങളും വ്യഥകളും എടുത്തുമാറ്റി ജീവന്റെ സമൃദ്ധിയിലേക്ക് നയിക്കാന്‍ ക്രിസ്തുവിന്റെ കൃപാകടാക്ഷം മതി. മറ്റുള്ളവരുടെ വേദനകള്‍ മനസിലാക്കി നല്ല സമരിയക്കാരനേപ്പോലെ മറ്റുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ കഴിയണം. ആത്മീയ നവീകരണത്തിനുള്ള ഈ അവസരത്തില്‍ കാല്‍വരി നാഥന് നമ്മുടെ വ്യക്തിഗത ജീവിതത്തിലേക്ക് ഇറങ്ങിവന്ന് കൃപകള്‍ ചൊരിയുമെന്നും ബിഷപ് പറഞ്ഞു. നാം കരുണയുടെ കടല്‍ത്തീരത്ത് യേശുവിനോടൊപ്പമാണുള്ളതെന്നും ആത്മാവിന് ഉണര്‍വേകുന്ന വചനവിരുന്നാണ് ഇവിടെ നടക്കുന്നതെന്നും സഹകാര്‍മ്മികനായ രൂപത സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശേരി പറഞ്ഞു. ബൈബിള്‍ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ഫാ.തോംസണ്‍ കൊറ്റിയത്തും രൂപതയിലെ വൈദികരും സഹകാര്‍മ്മികരായി.
സ്കൂള്‍ ഗ്രൗണ്ടില്‍ ആദ്യദിനംതന്നെ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷി രൂപത മെത്രാനും സഹായ മെത്രാനും ചേര്‍ന്ന് വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ബിഷപ് ഡോ.വടക്കുംതല കൃപാഭിഷേക ദീപത്തിന് തിരി തെളിയിച്ചു. തുടര്‍ന്ന് പ്രമുഖ വചന പ്രഘോഷകന് ഫാ.ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്വെന്ഷന് ആരംഭിച്ചു. 26 വരേയുള്ള അഞ്ചു ദിവസങ്ങളിലായി വൈകുന്നേരം നാലര മുതല്‍ രാത്രി ഒന്‍പതര വരേയാണ് ബൈബിള്‍ കണ്വെന്ഷന് നടത്തുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


