ശശിധരൻ കോക്കാട് സ്മരണ നാടക പ്രതിഭ പുരസ്കാരം പി.സി.കെ. കടന്നപ്പള്ളിക്ക്
2026 ജനുവരി 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദപുരയിൽ നടക്കുന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ പുരസ്കാരം സമ്മാനിക്കും. ചടങ്ങിന് കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിക്കും. പി.പി. ദാമോദരൻ മുഖ്യാതിഥിയായിരിക്കും. എ.വി. പവിത്രൻ, ബാബു കാമ്പ്രത്ത്, കെ.കെ. സുരേഷ്, എം.വി. ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കണ്ണൂർ/പിലാത്തറ: തീയറ്റർ മൂവ്മെന്റ് കണ്ണൂർ – പിലാത്തറയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ ശശിധരൻ കോക്കാട് സ്മരണ നാടക പ്രതിഭ പുരസ്കാരം പ്രശസ്ത നാടക പ്രവർത്തകനായ പി.സി.കെ. കടന്നപ്പള്ളിക്ക് നൽകാൻ തീരുമാനിച്ചു.
അര നൂറ്റാണ്ടിലധികമായി ഗ്രാമീണ നാടകവേദിയിൽ രചയിതാവ്, സംവിധായകൻ, നടൻ, സംഘാടകൻ എന്നീ നിലകളിൽ സജീവ സാന്നിധ്യമായ പി.സി.കെ. കടന്നപ്പള്ളി നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.
1975ൽ ചന്തപ്പുര നവധാരയ്ക്കായി രചനയും സംവിധാനവും നിർവഹിച്ച “മുൾക്കിരീടം” ആണ് അദ്ദേഹത്തിന്റെ ആദ്യ നാടകം. “നിയോഗം” എന്ന നാടകത്തിന് കോഴിക്കോട് നടന്ന അഖില കേരള നാടക മത്സരത്തിൽ അഞ്ച് പ്രധാന അവാർഡുകൾ ലഭിച്ചിരുന്നു.
ഗ്രാമീണ നാടക സദസ്സുകൾക്കായി മുപ്പതോളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിയോഗം, കനൽമഴ, കാട്ടുകഴുകൻ, അഗ്നിച്ചിറകുള്ള കാറ്റ് എന്നീ കൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.


