വിവരണം കൃഷി


മത്തങ്ങ നമ്മുടെ മുത്താണ്

Reporter: / തയ്യാറാക്കിയത്:- ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)


'കാളകിടക്കും കയറോടും' എന്ന കടംകഥ മത്തനെക്കുറിച്ച് പറയാറുള്ളത് അവ നീളത്തിൽ വളരുന്ന വള്ളികളും അവയിൽ ഇടയ്ക്കിടെ മത്തങ്ങകളും കണ്ടിട്ടാവണം.

നിലത്ത് പടത്തിവളർത്തുന്ന ഒരു പച്ചക്കറിയാണ് മത്തൻ അഥവാ മത്തങ്ങ. വലിപ്പത്തിലും രൂപത്തിലും രുചിയിലും വ്യത്യസ്തമായ മത്തങ്ങകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വിളവെടുത്തതിനുശേഷം ദീർഘകാലം സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു പച്ചക്കറിയാണ് മത്തങ്ങ. ഇതിൻറെ തളിരിലയും കറിവയ്ക്കാൻ ഉത്തമമാണ്. വെള്ളരിവർഗത്തിൽപ്പെട്ട മത്തനിൽ ധാരാളം നാരുകളും ജീവകം എ യും അടങ്ങിയിരിക്കുന്നു. കുക്കുർബിറ്റ മാക്സിമ എന്നാണ് ശാസ്ത്ര നാമം. ഇംഗ്ലീഷിൽ പംപ്കിൻ എന്ന് വിളിക്കപ്പെടുന്നു. മത്തങ്ങ മാത്രമല്ല, അതിന്റെ ഉള്ളിൽ കാണുന്ന വിത്തുകളും പോഷകസമ്പുഷ്ടമാണ്. അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാവർഷവും ഒക്ടോബർ മാസം അവസാന ദിവസം 'ഹാലോവീൻ' എന്ന പേരിൽ ഒരാഘോഷം നടത്താറുണ്ട്. ആ സമയത്ത് അവിടെ എവിടെ നോക്കിയാലും കാണാവുന്ന ഒരു അത്ഭുതകാഴ്ചയാണ് വിവിധ രീതിയിൽ കൊത്തിവച്ചിരിക്കുന്ന മത്തങ്ങകൾ. ലോകത്തെ ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം 1190.5 കിലോഗ്രാമാണ്. ബെൽജിയംകാരനായ മാതിയാസ് വില്ലോമിൻസ് ആണതിൻ്റെ ഉടമ. അമേരിക്ക, മെക്സിക്കോ, ചൈന, എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും മത്തങ്ങ ഉൽപ്പന്നത്തിൽ മുമ്പിലാണ്. നമ്മുടെ കേരളത്തിൽ മത്തൻ വച്ചു ഒത്തിരി വിഭവങ്ങളുണ്ടാക്കുറണ്ടെങ്കിലും എരിശ്ശേരി ആണ് അതിൽ പ്രധാനം.

ഗുണങ്ങൾ
-----------------
1. പോഷകസമ്പുഷ്ടം:- ജീവകം എ, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, ഫൈബർ എന്നിവയുടെ കലവറയാണ് മത്തങ്ങ.

2. കണ്ണിൻ്റെ ആരോഗ്യത്തിനു:- ഇരുണ്ട വെളിച്ചത്തിൽ നന്നായി കാണുന്നതിന് കണ്ണുകളെ സഹായിക്കുന്നത് ജീവകം എ ആണ്. നമ്മുടെ ശരീരത്തിന് പ്രതിദിനം വേണ്ട ജീവകം എ ഒരു കപ്പ് മത്തനിലടങ്ങിയിരിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അഭിപ്രായപ്പെടുന്നു. അതുപോലെ സിങ്ക് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ റെറ്റീനയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു.

3. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:- മത്തനിലെ റൈബോഫ്ലാവിൻ ബാക്ടീരിയൽ അണുബാധയ്ക്കെതിരെ പ്രവർത്തിക്കുന്നു. ഇതിലെ ആൻ്റിഓക്സിഡൻ്റുകൾ സ്തനാർബുദം പ്രതിരോധിക്കാൻ സഹായിക്കുന്നു. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികൾ ളിൽ ധാരാളം കാണുന്ന ബീറ്റാ കരോട്ടിൻ ആമാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ ക്യാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നു.

4. അമിതവണ്ണം തടയുന്നു:- മത്തങ്ങയിൽ 90% വെള്ളമാണ്. കലോറിയാണെങ്കിൽ തീരെ കുറവും. ആയതിനാൽ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണ് മത്തൻ.

5. ഹൃദയാരോഗ്യത്തിന്:- മത്തനിലെ മഗ്നീഷ്യം ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാൽസ്യം, പൊട്ടാസ്യം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മത്തൻക്കുരുവിൽ അടങ്ങിയിരിക്കുന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹൃദയാരോഗ്യം വവദ്ധിപ്പിക്കുന്നു.

6. നല്ല ഉറക്കത്തിന്:- മത്തങ്ങ വിത്തിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രിപ്റ്റോഫാൻ ശരീരത്തിന് സുഖം, വിശ്രമം എന്നിവയ്ക്ക് വേണ്ട ന്യൂറോ ട്രാൻസ്മിറ്റർ സെറോടോണിൻ ഉൽപാദിപ്പിക്കുന്നു. അതുപോലെ ഇത് മാനസികാവസ്ഥയെ മെച്ചപെടുത്തുന്നു.

7. ചർമ്മസംരക്ഷണത്തിന്:- ബീറ്റാ കരോട്ടിൻ ചർമ്മത്തിന് തിളക്കവും ഓജസ്സും കൂട്ടുന്നു. ധാരാളമുള്ള ജീവകം സി ഫ്രീ റാഡിക്കൽ ഓക്സിഡേറ്റിവ് സ്ട്രെസ്സ് മൂലമുണ്ടാകുന്ന ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു. മത്തങ്ങ ജ്യൂസ് തേനും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കവും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

8. മുടിയുടെ ആരോഗ്യത്തിനു:- മത്തങ്ങയിലടങ്ങിയിരിക്കുന്ന ലിനോലിയേക്കും, ഒലിയിക്ക് ആസിഡും മുടിക്കൊഴിച്ചിൽ തടയുന്നു. അതുപോലെ മത്തങ്ങയിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക്, അയൺ മുടിയുടെ ബലത്തെ വർദ്ധിപ്പിക്കുന്നു.

100 ഗ്രാം മത്തങ്ങയിലുള്ള പോഷകമൂല്യങ്ങൾ
----------------------------------------------------------------------

ഊർജ്ജം - 25 കിലോ കലോറി
അന്നജം -6 ഗ്രാം
മാംസ്യം - 0.1 ഗ്രാം
കൊഴുപ്പ് - 1 ഗ്രാം
ഫൈബർ - 1.4 ഗ്രാം
ജീവകം എ - 6115 IU 
ജീവകം സി - 6 മില്ലിഗ്രാം
ജീവകം ഇ - 1 മില്ലിഗ്രാം
ജീവകം കെ - 1 മൈക്രോഗ്രാം
തയാമിൻ - 0.05 മില്ലിഗ്രാം
റൈബോഫ്ലാവിൻ - 0.1 മില്ലിഗ്രാം
നിയാസിൻ - 0.5 മില്ലിഗ്രാം
ജീവകം ബി6 - 0.05 മില്ലിഗ്രാം
ഫോളേറ്റ് - 11 മൈക്രോഗ്രാം
കോളിൻ - 7.6 മില്ലിഗ്രാം
പാൻ്റോതെനിക് ആസിഡ് - 0.3 മില്ലിഗ്രാം
കാൽസ്യം - 19 മില്ലിഗ്രാം
അയൺ - 0.7 മില്ലിഗ്രാം
മഗ്നീഷ്യം - 11 മില്ലിഗ്രാം
ഫോസ്ഫറസ് - 37 മില്ലിഗ്രാം
പൊട്ടാസ്യം - 282 മില്ലിഗ്രാം
സിങ്ക് - 0.3 മില്ലിഗ്രാം
മാംഗനീസ് - 6.1 മില്ലിഗ്രാം

register www.famiyocart.com

മത്തങ്ങ പായസം
---------------------------
ചേരുവകൾ
--------------------
വിളഞ്ഞ മത്തങ്ങ- 1/2 കിലോ
ശര്‍ക്കര- 300 ഗ്രാം
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
ഒന്നാം പാല്‍- 1 കപ്പ്
രണ്ടാം പാല്‍- 3 കപ്പ്
എള്ള് (വറുത്തത്)- 1 ടീസ്പൂണ്‍
നെയ്യ്- 100 ഗ്രാം
ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍
തേങ്ങാക്കൊത്ത്- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം
--------------------------------

തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയ മത്തങ്ങ, പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് മത്തങ്ങാ മിശ്രിതം ഇട്ട് വരട്ടുക. ഇതിലേക്ക് രണ്ടാം പാലും ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത നീരും കുറച്ചുകുറച്ചായി ചേര്‍ക്കുക. ഇതിലേക്ക് എള്ള് ചേര്‍ക്കുക. പായസ പരുവമായാല്‍ ഒന്നാം പാലും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത്  യോജിപ്പിക്കുക. വറുത്തുവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേര്‍ക്കുക.@s

തയ്യാറാക്കിയത്:- ജോസഫ് ജെന്നിംഗ്സ് എം.എം. (M.Sc. Nursing, MBA)



loading...