വിവരണം കൃഷി


പെൺകുഞ്ഞു പിറന്നാൽ ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ഗ്രാമം

Reporter: അഡ്വ.ഗണേഷ് പറമ്പത്ത്

പെൺ കുഞ്ഞിനെ ജനനം ശാപമായി കരുതുകയും ആൺകുഞ്ഞിൻ്റെ  ജനനം ആഘോഷമാക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത സ്ത്രീകൾ പാഴാണെന്ന് പോലും കരുതുന്നവരുണ്ട് - പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. പെൺ ഭ്രൂണഹത്യ ഒരുപാട് ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. എന്നാൽ ഓരോ പെൺ പിറവിയും ഉത്സവമാക്കുന്ന ഒരു ഗ്രാമത്തേക്കുറിച്ച് നമ്മൾ അറിയാതെ പോകരുത്. പെൺകുട്ടികളുടെ സ്വർഗ്ഗമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗ്രാമം - അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി. ഇവിടെ ഓരോ പെൺകുഞ്ഞു പിറന്നുവീഴുമ്പോഴും ഗ്രാമവാസികൾ 111 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ഈ നിയമം എല്ലാവരും അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യുന്നു. മരങ്ങൾ നട്ടത് കൊണ്ട് മാത്രമായില്ല,അവ കൃത്യമായി പരിപാലിക്കപ്പെടുന്നുവെന്നു ഉറപ്പുവരുത്തുകയും വേണം. ഇങ്ങനെ നട്ടുപിടിപ്പിക്കുന്ന മരങ്ങളിൽ ഭൂരിഭാഗവും ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ്. മരങ്ങൾ മുറിച്ചുമാറ്റാൻ ആർക്കും അനുവാദമില്ല. ഓരോ മരത്തിൻ്റെയും സംരക്ഷണ ചുമതല പെൺകുട്ടികൾക്കാണ്. മരങ്ങൾ വളർന്നു വലുതായി ഫലങ്ങളും മറ്റും ഉണ്ടാകുമ്പോൾ അത് വിപണനം നടത്തി വരുമാനമാർഗവും കണ്ടെത്താം.

കിരൺ നിധി യോജന എന്നാണ് ഈ പദ്ധതിക്ക് ഗ്രാമവാസികൾ നൽകിയിരിക്കുന്ന പേര്. ഇത്തരമൊരു ആശയം മുന്നോട്ടു വച്ചതാകട്ടെ ഗ്രാമത്തലവനായ ശ്യാം സുന്ദർ പാലിവാൽ എന്നയാളും. മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഓരോ പെൺകുഞ്ഞിൻ്റെയും ജനനത്തോടൊപ്പം ഗ്രാമവാസികളെല്ലാവരും ചേർന്നു 21000 രൂപ പിരിച്ചെടുത്തു കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറും. ഈ തുകയോടൊപ്പം മാതാപിതാക്കളുടെ വകയായുള്ള 10,000/- രൂപയും ചേർത്ത് കുട്ടിയുടെ പേരിൽ സ്ഥിരനിക്ഷേപമായി ബാങ്കിലിടുന്നു.

കുട്ടിക്ക് 20 വയസ്സാകുമ്പോൾ മാത്രമാണ് ഈ തുക പിൻവലിക്കാൻ കഴിയുക.മാത്രവുമല്ല കുഞ്ഞിന് ആവശ്യമായ വിദ്യാഭ്യാസം നൽകുമെന്നും അതിനുശേഷം മാത്രമെ വിവാഹം കഴിച്ചു നൽകൂ എന്നും മാതാപിതാക്കൾ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് നൽകുകയും വേണം.

ഇതുവഴി ശൈശവവിവാഹവും ഇല്ലാതാക്കാൻ കഴിഞ്ഞു. മരങ്ങളും സസ്യങ്ങളും ധാരാളമുള്ളത്കൊണ്ട് ഈ മാതൃകാ ഗ്രാമം ഇന്നൊരു പച്ചിലക്കൂട് പോലെയാണ്. പെൺകുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ തന്നെ കൊന്നുകളയുന്ന നരാധമന്മാരുള്ള നാട്ടിൽ, സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നാട്ടിൽ പിപ്പലാന്ത്രി നന്മയുടെയും സ്നേഹത്തിൻ്റെയും വേറിട്ട കാഴ്ചയാണ്.

ജീവൻ്റെ  കാതലാണ് പെൺകുഞ്ഞുങ്ങൾ. അതുപോലെ പ്രകൃതിയുടെ ജീവനാണ് മരങ്ങൾ. രണ്ടും സംരക്ഷിക്കപ്പെടണം. വനങ്ങൾ വെട്ടിനശിപ്പിക്കുന്ന കേരളത്തിലും ഇതുപോലുള്ള ഗ്രാമങ്ങൾ ഉണ്ടാവുമെന്ന് സ്വപ്നം കാണാനെങ്കിലും നമുക്ക് കഴിയണം.

അഡ്വ.ഗണേഷ് പറമ്പത്ത്
നാഷണൽ ചെയർമാൻ
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം

#C H R F    T O D A Y 

Remembering his daughter, Shyam Sundar Paliwal transformed the village Piplantri in Rajsamand district




loading...