രചനകൾ


അച്ഛൻ പ്ലാവ്

Reporter: ഡോ. പി. എം. മധു

കഥ
അച്ഛൻ പ്ലാവ്

രംഗം 1

പുലർച്ചെയുള്ള ഓട്ടം പിടിക്കാനായി സ്റ്റാന്റിലേക്ക് വണ്ടി ഓടിച്ച് കയറ്റുമ്പോൾത്തന്നെ നടുവിലുള്ള പ്ലാവിന്റെ തറയിൽ ചെറിയൊരു തുണി ക്കെട്ട് ചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ചെറിയൊരു കിളി കരയും പോലെ എന്തോ ഒരു ശബ്ദം കേട്ട് അതിലേക്ക് ഒന്നുകൂടി നോക്കിയ പ്പൊഴാണ് അത് അനങ്ങുന്നുണ്ടെന്ന് മനസ്സിലായത്... പൂച്ചക്കുട്ടിയോ പട്ടിക്കുട്ടിയോ മറ്റോ... ആരോ കൊണ്ട് കളഞ്ഞതാവാം.
സ്ട്രീറ്റ് ലൈറ്റുകളും കടകളുടെ മുന്നിലെ വിളക്കുകളുമെല്ലാം ചേർന്ന് സ്റ്റാന്റ് പ്രകാശപൂരിതമായിരുന്നെങ്കിലും അടുത്തെങ്ങും ആരുമില്ല. റോഡിന പ്പുറത്ത് പള്ളിയുടെ മുന്നിലെ കടയുടെ തിണ്ണയിൽ ചുരുണ്ടുറങ്ങുന്ന ചിലർ ഉറക്കെയെന്തൊക്കെയോ കലമ്പുന്നുണ്ടായിരുന്നു.

വലിയൊരു പ്ലാവും അതിനൊരു തറയും പണ്ടെന്നോ അവിടെയുണ്ടായിരുന്നതു കാരണമാണ് ആ സ്ഥലത്തിന് പിലാത്തറയെന്ന പേരു വന്നതത്രേ. ആ ഓർമ്മ നിലനിർത്താനാണ് രണ്ടു വർഷം മുമ്പ് ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ അവിടെയൊരു പ്ലാവിൻ തൈ നട്ട്  ചുറ്റിലും മനോഹരമായൊരു തറ പണിതത്. പ്ലാവിന് ഉയരം വെച്ചു. ഈ വർഷം അത് കായ്ക്കാനും തുടങ്ങിയിട്ടുണ്ട്...
തറയിലെ അനങ്ങുന്ന തുണിക്കെട്ട് ചന്ദ്രൻ മെല്ലെ അഴിക്കാൻ തുടങ്ങി. രണ്ടാമത്തെ കെട്ടഴിക്കുമ്പോൾ അതിനുള്ളിൽ നിന്ന് എന്തോ ഒന്ന് ചന്ദ്രന്റെ കൈയ്യിൽത്തട്ടി. ഒരു ഞെട്ടലോടെ സൂക്ഷിച്ചു നോക്കിയപ്പൊഴാണ്...

കണ്ണ് മിഴിഞ്ഞിട്ടില്ലാതെ ചോര നിറമുള്ള ഒരു മനുഷ്യക്കുഞ്ഞ്...
ചുറ്റും ആരുമില്ല.. 
ചിലപ്പോൾ, തുണി കൊണ്ടു മുഖം മറച്ച ഒരു പെണ്ണ് എവിടെയോ മറഞ്ഞു നില്പുണ്ടാവാം.... പക്ഷേ തെരെഞ്ഞു പോകാൻ നേരമില്ല. എത്രയും പെട്ടന്ന് ഇതിനെ എവിടെയെങ്കിലും എത്തിച്ചേ തീരൂ...
കുഞ്ഞിനെയുമെടുത്ത് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലെത്തിയ ഉടനെ പരിയാരം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു... ചോദ്യം ചെയ്യൽ, അന്വേഷണം, വാർത്ത, ചാനൽ....

രംഗം 2

അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.വനിതാ പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പേടിച്ചു വിറച്ചാണ് ഇരുന്നത്...
"ചാവണം... എനക്ക് ചാവണം" എന്നു കരഞ്ഞു കൊണ്ടേയിരുന്നു. രാമന്തളി റെയിൽവേ ട്രാക്കിനടുത്തു വെച്ചാണ് പട്രോളിംങ്ങ് പോലീസ് അവളെ പിടിച്ചു കൊണ്ടുവന്നത്.... ആത്മഹത്യാശ്രമമാണ്. വീട്ടിൽ അസുഖമുള്ള അമ്മ ഒറ്റക്കാണ്. അച്ഛൻ മുമ്പേ മരിച്ചു. എപ്പൊഴോ ഒരു ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്. ആരെയുമറിയിക്കാതെ ഒളിച്ചു വെച്ച് നടന്നു കുറേ നാൾ... ഛർദ്ദിയും വിഷമതകളും തുടങ്ങിയ പ്പൊഴാണ് സംഗതി പ്രശ്നമായെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചു തന്നെ പ്രസവിച്ചു.. അർദ്ധരാത്രിയായപ്പോൾ അതിനെയൊരിടത്ത് ഉപേക്ഷിച്ചു. 
ഇനി ജീവിക്കേണ്ട... 
"ചാവണം, എനക്ക് ചാവണം". പിന്നെയും അവൾ കരഞ്ഞു കൊണ്ടേയിരുന്നു.
കുഞ്ഞിനെ എവിടെയാണു കളഞ്ഞതെന്ന് എത്ര ചോദിച്ചിട്ടും അവൾ പറഞ്ഞതേയില്ല.

രംഗം 3

ആശുപത്രിക്കിടക്കയിൽ അമ്മയും കുഞ്ഞും ഒരുപോലെ വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്ക് ഓരോന്നിനും കൃത്യമായി അവൾക്ക് മറുപടിയുണ്ടായിരുന്നു...
"എന്നാലുമെന്തിനാ മോളേ അനാഥാലയത്തിന്റെ മുറ്റത്തൊന്നും കൊണ്ടുവെക്കാതെ നീയീക്കൊച്ചിനെ പട്ടികൾ നെരങ്ങുന്ന സ്റ്റാന്റിൽ കൊണ്ടു വെച്ചത് ? "
"അച്ഛൻ പ്ലാവ് നോക്കിക്കൊള്ളൂന്ന് വിശ്വാസമുണ്ടാര്ന്ന് " അവൾ സംശയിക്കാതെയാണ് പറഞ്ഞത്.
"പ്ലാവോ? പ്ലാവെങ്ങനെ പെണ്ണേ കൊച്ചിനെ നോക്കണത്?" പോലീസിന് ദേഷ്യം വന്നു.

" അച്ഛൻ പ്ലാവ് ഒര് ഓട്ടോ ഡ്രൈവറാ..."

ഞെട്ടിയത് പോലീസുകാരാണ്. ഏതാണൊരു പുതിയ കഥാപാത്രം?

രംഗം 4. 

എന്തോ അത്യാവശ്യത്തിന്  അവൾ മംഗലാപുരത്ത് പോയതായിരുന്നു കുറച്ച് മാസങ്ങൾക്കു മുമ്പ്. തിരിച്ച് പയ്യന്നൂരിലെത്തിയപ്പോൾ സമയം രാത്രി 12 മണി.. തളിപ്പറമ്പിലേക്കുള്ള മൂന്നു പേർ ചേർന്ന് ഒരു ഓട്ടോ പിടിച്ചപ്പോൾ അതിൽക്കയറി പിലാത്തറയിലെത്തി... രാത്രി, ടൗണിൽ ഒരു പെണ്ണ്. ഒറ്റതിരിഞ്ഞ യാത്രക്കാർ ദേഹമാസകലം നോക്കി.
അവൾക്കു പേടി തോന്നി.
സ്റ്റാന്റിലാണെങ്കിൽ ഓട്ടോ ഒരെണ്ണം പോലും കാണാനില്ല. മാതമംഗലത്തെത്താനുള്ളതാണ്.
പരിഭ്രമിച്ചു നില്ക്കേ ദൂരെ നിന്നോടിച്ചു വന്ന ഒരു ഓട്ടോ അടുത്തു വന്നു നിന്നു...
"എവിട്ത്ത്ക്കാ ?"
കുറച്ചു പ്രായമുള്ള മനുഷ്യനാണ്. പക്ഷേ അയാളുടെ കൊമ്പൻ മീശയും ചുണ്ടത്തെ ബീഡിയും മുഖഭാവവുമൊക്കെ കണ്ടപ്പോൾ അവളൊന്നും മിണ്ടാതെ നിന്നു.
" കേറിക്കോ ഈ നേരത്തിനി വണ്ടിയൊന്നും വരാനില്ല."
പേടിച്ചാണെങ്കിലും അവളതിൽക്കയറി "മാതമംഗലം... അവിടുന്ന്..." മുഴുമിപ്പിച്ചില്ല.
തല കറങ്ങുന്നുണ്ടായിരുന്നു. അവൾ ചാരിക്കിടന്നു.... കുറച്ചു മുന്നോട്ടു പോയപ്പോൾ വണ്ടി പതുക്കെയാക്കി റോഡരികിൽ ഒതുക്കി നിർത്തിയതായി അവൾ തിരിച്ചറിഞ്ഞു.. ശബ്ദം പുറത്തേക്ക് വരുന്നില്ല. കിടന്നിടത്തു നിന്ന് തലയുയർത്താൻ പോലും പറ്റുന്നില്ല. പക്ഷേ അയാളുടെ ചലനങ്ങൾ മങ്ങിയ വെളിച്ചത്തിൽ അവൾക്ക് കാണാമായിരുന്നു. ഉടുത്ത ലുങ്കി മേലോട്ട് തെറുത്തു കെട്ടി അയാൾ പിന്നിലേക്ക് വന്നു... ഉള്ളിലോട്ട് തലയിട്ട് നോക്കി.
അർദ്ധബോധാവസ്ഥയിലും അവൾ പേടിച്ച് വിറച്ചു...
തണുത്ത വെള്ളം മുഖത്തു തളിച്ചു. കുറച്ച് കുടിക്കാനും കൊടുത്തു.
"തിന്നാൻ വല്ലതും വേണോ?
വേണ്ടെന്നവൾ തലയാട്ടി.തല കറങ്ങുന്നതായി ആംഗ്യം കാണിച്ചു.

"ഈ രാത്രിയിലൊക്കെ പെമ്പിള്ളേരെ ഒറ്റക്ക് വിടുന്ന തന്തേം തള്ളേം പറഞ്ഞാ മതി" അയാൾ പിറു പിറുത്തു.."ആശൂത്രീല് പോണോ?"

വേണ്ടെന്നവൾ തലയാട്ടി.

"ഓട്ടോ കുലുങ്ങുമ്പോ  തലകറക്കം കൂടുന്നുണ്ടെങ്കിൽ കൊറച്ച് നേരം നിർത്തീടാം.... മാതമംഗലത്തെവിടാ?"

"അവിടുന്നും പോണം.. ഏര്യത്തെത്തണം."
എന്തോ ഒരു സുരക്ഷിതത്വം തോന്നിയതുകൊണ്ട് അവൾ പതിയെ പറഞ്ഞു. അവളുടെ കണ്ണിലെ എല്ലാ പേടിയും മനസ്സിലാക്കിയിട്ടെന്ന പോലെ അയാൾ പറയാൻ തുടങ്ങി...
" നിന്റെ പ്രായത്തിലൊരു മോള് എന്റെ വീട്ടിലുമുണ്ട്. നീ പേടിക്വന്നും വേണ്ട... പക്ഷേ ഇന്നത്തെ കാലത്ത് ഇന്നേരത്തിങ്ങനെ ഒറ്റയ്ക്ക്.... " കുറേ ഉപദേശിച്ചു.

അയാൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരയാൻ തുടങ്ങി... കഥകളെല്ലാം പറഞ്ഞു.

വീട്ടിനടുത്ത് പണിക്കുവന്ന ഒരു ബംഗാളി പ്രേമം നടിച്ച് ചതിച്ചതാണ്. ആറു മാസം ഗർഭിണിയാണ് താൻ... അയാൾ മംഗലാപുരത്ത് എവിടെയോ ഉണ്ടെന്നറിഞ്ഞ് കാണാൻ പോയതാണ്.... കണ്ടില്ല. 

പിന്നെ കുറേ നേരത്തേക്ക് അവർ ഒന്നും മിണ്ടിയില്ല.

ഓട്ടോ കുറേ നേരം ഓടി. 
ഏര്യത്തെത്തിയപ്പോൾ വളവും തിരിവും അവൾ കാണിച്ചു കൊടുത്തു. വീടെത്തിയപ്പോൾ ഇറങ്ങി... പൈസ കൊടുക്കാൻ പേഴ്സെടുത്തപ്പോൾ തടഞ്ഞു കൊണ്ടയാൾ പറഞ്ഞു.... "അതൊന്നും വേണ്ട... എന്തെങ്കിലും ആവശ്യം വന്നാൽ മടിക്കണ്ട.. ഞാൻ പിലാത്തറ ഓട്ടോ സ്റ്റാന്റിലുണ്ടാകും... ആ പ്ലാവിന്റെ തറയുടെ അടുത്തെവിടെയെങ്കിലും... അച്ഛനാണെന്നു വിചാരിച്ചാ മതി
... അച്ഛൻ പ്ലാവ് "  
ചെറുതായൊന്നു ചിരിച്ച അയാളുടെ മുഖത്തു നോക്കാതെ തിരിഞ്ഞു നടക്കുമ്പോൾ അവൾ കടിച്ചു പിടിച്ച വിതുമ്പലാകെ ഒരു പെരുമഴയായി പെയ്യുന്നുണ്ടായിരുന്നു. 

രംഗം 5

അന്വേഷിക്കാൻ ഓട്ടോ സ്റ്റാന്റിലെത്തിയ പോലീസ്, കാര്യം പറഞ്ഞപ്പോൾത്തന്നെ ചന്ദ്രൻ ചിരിച്ചു.... "അത് നമ്മുടെ പീറ്ററേട്ടനാ... അച്ഛൻ പ്ലാവ് മാത്രോല്ല മോൻ പ്ലാവും ഏട്ടൻ പ്ലാവുമൊക്കെ ഇടയ്ക്കിടെയാവാറുണ്ടായിരുന്നു. പാവം കഴിഞ്ഞ മാസം മരിച്ചു പോയി.കാൻസറായിര്ന്ന് ..."

പോലീസുകാരൻ ആ പ്ലാവിനെ വെറുതേ നോക്കി. നട്ടുച്ചയ്ക്കും ആ തറയിൽ നല്ല തണലുണ്ടായിരുന്നു.

"വേണം സാറേ അങ്ങനെ ചില അച്ഛൻ പ്ലാവും അമ്മ പ്ലാവും മോൻ പ്ലാവുമൊക്കെ... അതൊരു വിശ്വാസല്ലേ..." 
കേട്ടു കൊണ്ടു നിന്ന ഒരു ഓട്ടോക്കാരനാണ് പറഞ്ഞത്.
തിരിഞ്ഞു നടക്കുമ്പോൾ പോലീസുകാരന്റെ കണ്ണുകൾ വെറുതേ നിറഞ്ഞിരുന്നു.



loading...