വാര്‍ത്താ വിവരണം

എണ്ണ സംഭരണ ശാലയുമായി ബന്ധപ്പെട്ട ആഘാത പഠന റിപ്പോർട്ട് സമർപ്പിച്ചു

19 January 2018
Reporter: Varghees

പയ്യന്നൂർ എണ്ണ സംഭരണ ശാലയുമായി ബന്ധപ്പെട്ട ആഘാത പഠന റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 20 കുടുംബങ്ങളെ ഒഴിപ്പിക്കുകയും . സംഭരണ കേന്ദ്രത്തിനു പതിനഞ്ചു കിലോ മീറ്റർ ചുറ്റളവിൽ അതീവ ജാഗ്രതാ പ്രദേശമായിരിക്കും. ഈ പ്രദേശത്ത് സുരക്ഷയ്ക്കാവശ്യമായ നിയന്ത്രണങ്ങൾ കർശനമാക്കും . റോഡ് വികസനത്തിന് 18 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. 65 ഓളം കുടുംബങ്ങളെ റോഡ് വികസനം ബാധിക്കും. സ്‌കൂൾ പരിസരങ്ങളിലെ റോഡിലൂടെ അഞ്ചു മിനിറ്റിൽ ഒരു ട്രക്ക് കടന്നു പോകുന്ന സ്ഥിതി വരും. മൊബൈൽ , സിഗരറ്റ് ,തീ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം.മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമായുള്ള കമ്പനിയാണ് ബിപിസിഎൽ-ഐഒസി കമ്പനികൾക്ക് വേണ്ടി പഠനം നടത്തിയത്. റിപ്പോർട്ടിന്റെ പകർപ്പ് പയ്യന്നൂർ നഗരസഭയ്ക്കും ജില്ലാ ഭരണകൂടത്തിനും നൽകിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമായാൽ പയ്യന്നൂരും പരിസര പ്രദേശത്തും താമസിക്കുന്ന ജനങ്ങളുടെ ജീവിതം തന്നെ തകിടം മറിയും എന്നാണു റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 500 പേജ് വരുന്നതാണ് റിപ്പോർട്ട്. റിപ്പോർട്ടിനെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളിലും അറിയുന്നതിന് ഈ മാസം 22  നു പുഞ്ചക്കാട് വെച്ച് യോഗം ചേരുന്നതാണെന്നു മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പിലിക്കോട് മുതൽ ഏഴോം വരെ ഉള്ള പതിനഞ്ചോളം ഗ്രാമപഞ്ചായത്തുകൾ പെട്രോളിയം സംഭരണിയുടെ പദ്ധതി ബാധിത മേഖലയിൽ ഉൾപ്പെടുന്നതാണ്. കണ്ടങ്കാളി റെയിവേ ഗേറ്റു മുതൽ പുഞ്ചക്കാട് സെന്റ് മേരീസ് യുപി സ്‌കൂൾ വരെയുള്ള റോഡ് ഗതാഗത സൗകര്യത്തിനായി 30 മീറ്ററായി വീതി വർദ്ധിപ്പിക്കും. വീതി വർദ്ധിക്കുന്നതിന് വേണ്ടി 20 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടുന്നതായി വരും. 65 ഓളം കുടുംബങ്ങൾക്ക് റോഡ് വികസനത്തിന്റെ ഭാഗമായി നാശനഷ്ടങ്ങൾ ഉണ്ടാകും.പുഞ്ചക്കാട് സ്‌കൂൾ വളപ്പിലേക്ക് 16 മീറ്ററും, പള്ളി സെമിത്തേരി പറമ്പിൽ 10 മീറ്ററും ,സ്നേഹതീരം ശ്മശാനത്തിന്റെ ഭൂമിയിൽ 10 മീറ്ററും ഉള്ളിലേക്ക് കടന്നാണ് എന്ന സംഭരണശാലയുടെ സൗകര്യത്തിനാവശ്യമായ റോഡ് വികസിപ്പിക്കുന്നത്. വികസിപ്പിച്ച റോഡിലൂടെ പുഞ്ചക്കാട് സ്‌കൂൾ പരിസരത്തും മറ്റുമായി അഞ്ചു മിനിറ്റിൽ ഒന്ന്‌ എന്ന നിരക്കിൽ വാഹനങ്ങളുടെ പ്രവാഹം ഉണ്ടാകും. ഈ പ്രദേശത്ത് കുട്ടികൾക്ക് അപകടം ഇല്ലാതെ റോഡ് മുറിച്ച് കടക്കുന്നതിനു 12 ഗാർഡുകളെ നിയമിക്കാനും റിപ്പോർട്ടിൽ നിർദ്ദേശം ഉണ്ട്. പദ്ധതി പ്രദേശത്തിന് നിശ്ചിത ചുറ്റളവിൽ സിഗരറ്റു , തീ, മൊബൈൽ,ലൈറ്റർ തുടങ്ങിയ അപകട സാധ്യത കൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഉണ്ടാകും. പദ്ധതി പ്രദേശത്തിന് സമീപമായി അഞ്ചോളം ശ്മശാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും. എണ്ണ സംഭരണശാലയിലേക്കു ഒരു ദിവസം കുറഞ്ഞത് 50 വാഗൻ തീവണ്ടികൾ നിറയെ പെട്രോളിയം ഉൽപ്പന്നങ്ങളാണ്  പയ്യന്നൂർ സ്റ്റേഷനിൽ എത്തുക എന്നാണു റിപ്പോർട്ട് പറയുന്നത്. കൊച്ചി അമ്പലമുകൾ, മംഗലാപുരം തുടങ്ങിയ റിഫൈനറികളിൽ നിന്നാണ് സംഭരണ ശാലയിലേക്ക് ഉൽപ്പന്നങ്ങൾ എത്തുക. കാസർഗോഡ് മുതൽ തൃശ്ശൂർ വരെ ഉള്ള പ്രദേശങ്ങളിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം പയ്യന്നൂർ സംഭരണിയിൽ നിന്നും ആയിരിക്കും. കണ്ണൂർ ,എലത്ത്തൂർ മേഖലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ചെറു പെട്രോളിയം സംഭരണികൾ പയ്യന്നൂർ സംഭരണി പ്രാവർത്തികമായാൽ ഒഴിവാക്കും. ജനജീവിതം പ്രതിസന്ധിയിലാക്കുന്ന പ്രകൃതിവിരുദ്ധമായ പദ്ധതിക്കെതിരെ അവസാനം വരെ പോരാട്ടം തുടരും എന്ന നിലപാടിലാണ് ജനകീയ സമര സമിതി.



whatsapp
Tags:
loading...